തൃക്കരിപ്പൂർ: കൃത്യമായ പരിചരണമില്ലാതെ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയം നവീകരണത്തിന് വഴിതെളിഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ നവീകരണം നടത്താനുള്ള ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. നവീകരണം പൂർത്തിയാക്കിയ ശേഷം ഉത്തരവാദപ്പെട്ട ഏതെങ്കിലുമൊരു കായിക സംഘടനയെ സ്റ്റേഡിയം ഏൽപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് പറഞ്ഞു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് രണ്ടേമുക്കാൽ കോടി രൂപ ചെലവിട്ടാണ് തൃക്കരിപ്പൂരിന്റെ ഫുട്ബാൾ വികസനം ലക്ഷ്യമാക്കി കൃത്രിമ പുൽത്തകിടി പിടിപ്പിച്ച സ്റ്റേഡിയം പണിതത്. എന്നാൽ പരിചരണത്തിന്റെ അഭാവവും കൃത്യമായ സംരക്ഷണവുമില്ലാത്തതും കാരണം സ്റ്റേഡിയം ദിനംപ്രതിയെന്നോണം നശിച്ചുകൊണ്ടിരുന്നു. ആരംഭഘട്ടത്തിലെ പരിചരണം പിന്നീടുണ്ടായില്ല.
സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത 2016 മുതൽ വിവിധ ക്ലബ്ബുകൾക്ക് 1000 രൂപ വച്ച് വാടകക്ക് നൽകിയിരുന്നു. ആ ഇനത്തിൽ നല്ലൊരു തുക പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഒരു നിശ്ചിതസമയം കഴിഞ്ഞതോടെ സ്റ്റേഡിയം സ്പോർട്സ് കൗൺസിലിന് കൈമാറിയെങ്കിലും, അവരത് പഞ്ചായത്തിനെ തന്നെ സംരക്ഷണ ചുമതല തിരിച്ചേൽപ്പിക്കുകയാണ് ഉണ്ടായത്. നിലവിൽ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെൻസിംഗ് തകർന്നതു കാരണം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളവും. തെരുവുനായ്ക്കളുടെ ആക്രമണവും പരിചരണവുമില്ലാത്തത് കാരണം ടർഫ് പലയിടത്തും കീറി, കുഴി രൂപപ്പെട്ട് ശോചനീയാവസ്ഥയിലാണ്.
നവീകരിച്ച സ്റ്റേഡിയം ഏറ്റെടുക്കാൻ ജില്ലാ ഫുട്ബാൾ അസോസിയേഷൻ തയ്യാറാണ്. നടക്കാവിലെ ഈ സ്റ്റേഡിയം നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ സന്തോഷ് ട്രോഫി ക്ലസ്റ്റർ മത്സരങ്ങൾക്ക് വരെ വേദിയാക്കാൻ ജില്ലാ ഫുട്ബാൾ അസോസിയേഷന് കഴിയും.
വീരമണി ചെറുവത്തൂർ, പ്രസിഡന്റ്,
ജില്ലാ ഫുട്ബാൾ അസോസിയേഷൻ
എത്ര ലക്ഷം രൂപയുടെ നവീകരണം നടത്തുന്നുവെന്നതലിലല്ല കാര്യം. ഒരു പത്തു വർഷക്കാലമെങ്കിലും നിലനിൽക്കുന്ന വിധത്തിലുള്ള തരത്തിലായിരിക്കണം നവീകരണം. അതോടൊപ്പം നിലവിൽ ചുറ്റുമുള്ള ഫെൻസിംഗ് അൽപ്പം പിറകിലോട്ട് മാറ്റി സ്ഥാപിച്ച് കാണികൾക്ക് കളി കാണാനുള്ള സൗകര്യം കൂടി ഒരുക്കിയാൽ സംസ്ഥാന തല മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാക്കാം.
കെ.വി. ഗോപാലൻ, ഫുട്ബാൾ കോച്ച്