തലശ്ശേരി: പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇടിഞ്ഞുവീണ കെട്ടിട ഭാഗങ്ങൾ ദേശീയപാതയിൽ വീനസ് സ്റ്റോപ്പിനടുത്ത് ഒരാഴ്ചയായി റോഡിൽ കിടക്കുന്നു. കാലപ്പഴക്കത്താൽ തകർന്നു തുടങ്ങിയതിനെ തുടർന്ന് ദുരന്തനിവാരണ അധികൃതരുടെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റി വരുന്ന ഇവിടത്തെ പഴയ ഇരുനില കെട്ടിടത്തിന്റെ കല്ലുകളും മണ്ണും സിമന്റ് പാളികളുമാണ് രാപകൽ തിരക്കൊഴിയാത്ത റോഡിൽ അപകടകെണിയായി കിടക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാത്തത് ദേശീയപാതയിലൂടെ പോവുന്ന വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണിയായിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗങ്ങൾ എതിർഭാഗത്ത് നിന്നും പൊളിച്ചുതുടങ്ങിയിട്ടുണ്ട്.
കെട്ടിടത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 14 മുതൽ ആരംഭിച്ച പൊളിച്ചുമാറ്റൽ പ്രവൃത്തികൾ അനിശ്ചിതത്വത്തിലായിരുന്നത്. ഇക്കാര്യത്തിൽ ധാരണയായതോടെയാണ് കെട്ടിടം വീണ്ടും പൊളിച്ചുതുടങ്ങിയത്. അറുപതോളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. പഴയ ഉടമയിൽ നിന്നും ഗൾഫ് വ്യാപാരി വിലയ്ക്ക് വാങ്ങിയതിൽ പിന്നീടാണ് ഇതിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലും പഴക്കട, സ്റ്റേഷനറി തുടങ്ങി അഞ്ചോളം കച്ചവട സ്ഥാപനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളും ഒഴിപ്പിക്കാൻ നടപടി തുടങ്ങിയത് .
കെട്ടിടത്തിന്റ ശോച്യാവസ്ഥ നേരിൽ ബോധ്യപ്പെട്ട തഹസിൽദാർ ഇടപെട്ട് വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ച് വാടകക്കാരോട് അടിയന്തരമായി ഒഴിഞ്ഞു പോവാൻ നിർദ്ദേശിച്ചിരുന്നു. കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കാൻ ഉടമയോടും ആവശ്യപ്പെട്ടു.