കാസർകോട്: നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനം പാൽപായസം പോലെയായിരുന്നു കുട്ടികൾക്ക്. പാഠഭാഗത്തോടൊപ്പം രചയിതാക്കളോ കഥാപാത്രങ്ങളോ വിദ്യാർത്ഥികളുമായി സംവദിക്കുന്ന അദ്ഭുതാനുഭവമാണ് ഇവർക്ക് ലഭിച്ചത്. മലയാളം അദ്ധ്യാപകനായ കരിവെള്ളൂർ സ്വദേശി കെ.ടി.എൻ രാധാകൃഷ്ണന്റേതാണ് വേറിട്ട അക്കാഡമിക് ശൈലി.
കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളും അടങ്ങുന്ന സാഹിത്യപ്രതിഭകൾ കൊവിഡ് കാല ഓൺലൈൻ പഠനം ആസ്വാദ്യകരമാക്കി. ഇവരുടെ റിക്കാർഡ് ചെയ്ത ഓഡിയോ കുട്ടികളെ കേൾപ്പിച്ചാണ് തുടക്കം. ക്ലാസിന് ഒപ്പം കഥയും കവിതയുമായി ബന്ധമുള്ളവർ അതേകുറിച്ച് വിവരിക്കുമ്പോൾ കുട്ടികൾക്ക് പാഠം വേഗത്തിൽ ഹൃദിസ്ഥമായി. പ്രമുഖരുടെ ശബ്ദ സന്ദേശവും വ്യാഖ്യാനവും ഉൾക്കൊള്ളിക്കും. ദിനാചരണങ്ങളുടെ ഭാഗമായും ശബ്ദസന്ദേശങ്ങൾ കുട്ടികൾക്ക് എത്തിച്ചുനൽകി.
കഥാകൃത്ത് അംബികാസുതൻ മാങ്ങാടിന്റെ കഥ പഠിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ശബ്ദസന്ദേശം വന്നപ്പോൾ കുട്ടികളുടെ ആഹ്ലാദം കണ്ടാണ് തുടക്കം. എം.ടി. വാസുദേവൻ നായർ, ടി. പദ്മനാഭൻ, ശരൺ കുമാർ ലിംബാളെ, എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, സച്ചിതാനന്ദൻ, സക്കറിയ, അടൂർ ഗോപാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, വി.ആർ. സുധീഷ്, നാരായൻ, ജോർജ് ഓണക്കൂർ, യു.കെ. കുമാരൻ, പി.കെ പാറക്കടവ്, വീരാൻ കുട്ടി, സന്തോഷ് ഏച്ചിക്കാനം, അശോകൻ ചെരുവിൽ, എം.എൻ. കാരശ്ശേരി, അന്തരിച്ച നടൻ നെടുമുടി വേണു തുടങ്ങി അനേകം പേരുടെ ഓഡിയോ ഭാഷണം കുട്ടികൾക്ക് വിരുന്നായി. 1978 ൽ ഇറങ്ങിയ കൊടിയേറ്റം സിനിമയുടെ തിരക്കഥ പഠിക്കുന്ന കുട്ടികൾക്ക് മുന്നിൽ അതിൽ അഭിനയിച്ച കെ.പി.എ.സി ലളിത അനുഭവങ്ങൾ പങ്കുവച്ചു.
ടീച്ചർ ഐക്കൺ അവാർഡ്
തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ 'ടീച്ചർ ഐക്കൺ' അവാർഡിന് കെ.ടി.എൻ രാധാകൃഷ്ണൻ അർഹനായി. കൊവിഡ് കാലത്ത് നടത്തിയ വ്യത്യസ്തമായ പഠന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അവാർഡ്. ഇന്ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അവാർഡ് സമ്മാനിക്കും.
പാഠപുസ്തകവുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ ഓഡിയോ എടുത്തു വിദ്യാർത്ഥികൾക്ക് നൽകിയ രാധാകൃഷ്ണൻ മാസ്റ്ററുടെ ഉത്സാഹം വിദ്യാർത്ഥികളോടും അദ്ധ്യാപകവൃത്തിയോടും കാണിക്കുന്ന പ്രതിബദ്ധത തെളിയിക്കുന്നു. ഇത് മാതൃകാപരമാണ്.
ഡോ. എം എൻ കാരശ്ശേരി