തളിപ്പറമ്പ്: പ്രതിഷേധ പ്രകടനത്തിലേക്കും പോസ്റ്റർ പതിക്കലിലേക്കും നയിച്ച തളിപ്പറമ്പ് സി.പി.എമ്മിലെ വിഭാഗീയത പരിഹരിക്കാൻ ജില്ലാ കമ്മിറ്റി ഇടപെടും. ലോക്കൽ സമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. പ്രകടനം നടത്തിയവർക്ക് സി.പി. എമ്മുമായി ബന്ധമില്ലെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.
തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുല്ലായിക്കൊടി ചന്ദ്രനെ രണ്ടാമതും ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചുള്ള പോസ്റ്ററുകൾ മാന്തംകുണ്ടിലെ സി.പി.എം സ്ഥാപനമായ കെ.ആർ.സി വായനശാല ആൻഡ് യുവധാര ക്ലബ്ബിൽ പ്രത്യക്ഷപ്പെട്ടത്. 'കോമ്രേഡ്സ് ഒഫ് പാലയാട് ' എന്ന പേരിലായിരുന്നു പോസ്റ്ററുകൾ.
നേരത്തെ സി.പി.ഐയിൽ നിന്നും സി.പി.എമ്മിൽ എത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ. നേരത്തെ സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. അതുകഴിഞ്ഞാണ് പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
നടപടി ഉറപ്പ്
വിഭാഗീയത ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ഇത്തരം പ്രവണതകളെ മുളയിലേ നുള്ളണമെന്നാണ് നേതൃത്വത്തിന്റെ പക്ഷം. കഴിഞ്ഞദിവസം പാർട്ടി ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പോസ്റ്റർ പതിച്ചിരുന്നു. പിന്നാലെ ഉയർന്ന കരിങ്കൊടിയും പ്രകടനവും നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
നഗരഭരണത്തിന് ശ്രമിക്കുമ്പോൾ
പാളയത്തിൽ പട
നഗരസഭ മുൻ വൈസ് ചെയർമാനായിരുന്ന കെ. മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിൽ. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നും കെ. മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. താൻ നിർദ്ദേശിക്കുന്നവരെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ലീഗിലെയും കോൺഗ്രസിലെയും തമ്മിലടി മുതലെടുത്ത് നഗരസഭാ ഭരണം കൈയടക്കാനുള്ള സി.പി.എം നീക്കത്തിനിടെയാണ് പാളയത്തിലെ പടപ്പുറപ്പാട്.