kudumbasree
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബാലസഭ അംഗങ്ങൾക്കായി ആരംഭിച്ച കുടുംബശ്രീ സൈക്ലിങ് ക്ലബിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സൈക്ലിംഗ് ക്ലബ് കണ്ണൂർ (കെ.സി.കെ) എന്ന പേരിൽ സൈക്ലിംഗ് ക്ലബ് രൂപീകരിച്ചു. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും ലിംഗ സമത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ക്ലബ് രൂപീകരിച്ചത്. ഈ മേഖലയിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനും ക്ളബ്ബ് ലക്ഷ്യമിടുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ 50 കുടുംബശ്രീ സി.ഡി.എസിലായി 1000 കുട്ടികളുടെ നെറ്റ്‌വർക്കാണ് ലക്ഷ്യമിടുന്നത്. ബാലസഭയിൽ അംഗങ്ങളായ 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളാകുക. ഒരു സൈക്കിൾ ക്ലബ്ബിൽ പരമാവധി 25 പേർ അംഗങ്ങളാകും. സി.ഡി.എസ് തല ക്ലബ്ബുകളിൽ നിന്നും മികച്ച ക്ലബ് അംഗങ്ങളെ ഉൾകൊള്ളിച്ചുകൊണ്ട് ജില്ലാ തലത്തിൽ 200 പേരുടെ ജില്ലാ ടീം നവംബർ മാസം രൂപീകരിക്കും. തുടർന്ന് കുടുംബശ്രീ യുവതികൾക്കായി രൂപീകരിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും. അംഗങ്ങൾക്കായുള്ള പരിശീലനം കണ്ണൂർ സൈക്ലിംഗ് ക്ലബാണ് നൽകുന്നത്.

ഒന്നാം ഘട്ട പരിശീലനം

ഒന്നാം ഘട്ട പരിശീലനം കഴിഞ്ഞ ദിവസം എടക്കാട് ബ്ലോക്ക് ഓഫീസിൽ നടന്നു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സൈക്ലിംഗ് ക്ലബ് ഭാരവാഹികളായ രതീശൻ, പ്രശാന്ത് എന്നിവർ പരിശീലനം നൽകി. സി.ഡി.എസ് ചെയർപേഴ്‌സന്മാർ, ബാലസഭ റിസോഴ്‌സ് പേഴ്‌സന്മാർ, ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഘട്ട പരിശീലനം ഇരിട്ടിയിലും മൂന്നാം ഘട്ട പരിശീലനം തളിപ്പറമ്പിലും നടക്കും.