തലശ്ശേരി: പൊലീസിന്റെ സന്ദർഭോചിതമായ നീക്കത്തിൽ ജില്ലയിലെ സജീവ മയക്കുമരുന്ന് ഇടപാടുകാരൻ പിടിയിലായി. മാടായി പുതിയങ്ങാടിയിലെ ചൂരിക്കാടൻ വീട്ടിൽ ശിഹാബാണ് (35) പിടിയിലായത്. ചാല ബസാറിനടുത്ത് രാത്രി വൈകി വാഹന പരിശോധന നടത്തുകയായിരുന്ന എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും, സഹപ്രവർത്തകരുമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് പാർട്ടിയുടെ മുന്നിലൂടെ റോഡിലെ ഇരുട്ടിൽ നിന്നും സംശയാസ്പദ സാഹചര്യത്തിൽ എത്തിയ ചുവന്ന മാരുതി ബ്രിസ് കാർ കടന്നുപോവാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ വാഹനം നിർത്തിച്ചു. ഉടനെ കാറിലുണ്ടായ ഒരാൾ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ശിഹാബിനെ എസ്.ഐയും സംഘവും കീഴ്‌പ്പെടുത്തി വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിച്ചുസൂക്ഷിച്ച എം.ഡി.എം.എ നിറച്ച പായ്ക്കറ്റും ഹാഷിഷ് ഓയിലും, ഇവ ആവശ്യക്കാർക്ക് തൂക്കി നൽകാൻ ഉപയോഗിക്കുന്ന ആധുനിക ഇലക്ട്രോണിക് മെഷീനും കത്രികയും, ടെസ്റ്റ് ട്യൂബും സിഗർ ലൈറ്ററും, മയക്ക് ഗുളികകൾ ഉൾപെടെ ലഹരി മരുന്നും ഉപകരണങ്ങളും കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചു ജില്ലയിൽ വിതരണം നടത്തുന്ന മാഫിയാ സംഘത്തിലെ കണ്ണിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിൽപന നടത്തിയ 24,500 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശിഹാബിനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.