കാഞ്ഞങ്ങാട്: വൃക്കരോഗികൾക്ക് സർക്കാർ നൽകുന്ന പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് ഒമ്പത് മാസം. ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് ലഭിച്ചിരുന്ന പെൻഷൻ വിതരണമാണ് അനിശ്ചിതത്വത്തിലായത്. മൂന്ന് വർഷത്തെ പെൻഷൻ കുടിശ്ശികയായ സമയത്ത്, കഴിഞ്ഞ ഫെബ്രുവരിയിൽ പതിനൊന്ന് മാസത്തെ പെൻഷൻ മാത്രമാണ് നൽകിയതെന്നും രോഗികളും ബന്ധുക്കളും പറയുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കഴിഞ്ഞ ഓണത്തിന് പോലും ഒരാനുകൂല്യവും നൽകിയില്ല. പ്രതിമാസം 1100 രൂപ വീതമുള്ള സമാശ്വാസ പെൻഷൻ 2013 മുതലുള്ള പഴയ ലിസ്റ്റിലുള്ളവർക്ക് മാത്രമാണ് ലഭിക്കുന്നത്. അതേസമയം 2018 മുതൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾ ഇപ്പോഴും പദ്ധതിക്കു പുറത്താണ്. ഒരു ലക്ഷത്തോളം വൃക്കരോഗികളുള്ള സംസ്ഥാനത്ത് 20,000 പേർ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയരാവുന്നവരാണ്.
2018 മുതൽ ഡയാലിസിസിന് വിധേയരാവുന്ന ഗുരുതര രോഗമുള്ളവർ സകല രേഖകളും സമർപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന പേരിൽ പെൻഷൻ നിഷേധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ വിവിധയിടങ്ങളിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിൽ രേഖകൾ വീണ്ടും ഹാജരാക്കിയപ്പോൾ പെൻഷൻ ഉടൻ നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയതാണെന്നും എന്നാൽ സ്ഥിതി ഇപ്പോഴും പഴയതുപോലെ തുടരുകയാണെന്നും കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ അസോസിയേഷൻ, ആശ്രയ കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ ഇനിയും ഇങ്ങനെ അവഗണിക്കുന്നത് ശരിയായ നടപടിയല്ല. മുടക്കമില്ലാതെ പെൻഷൻ നൽകുന്ന കാര്യത്തിൽ എത്രയും വേഗം വ്യക്തത വരുത്തണം.

സംഘടനാ ഭാരവാഹികൾ