തളിപ്പറമ്പ്: കോൺഗ്രസ് നേതാവ് കല്ലിങ്കിൽ പദ്മനാഭന്റെ രാജി അംഗീകരിച്ച് തളിപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് ചുമതല വൈസ് പ്രസിഡന്റായ മുസ്ലിംലീഗിലെ എ.പി. അബ്ദുൾഖാദർക്ക് നൽകി. ഭരണസമിതിയോഗമാണ് പദ്മനാഭന്റെ രാജി അംഗീകരിച്ചത്. തുടർന്നാണ് അബ്ദുൾഖാദർക്ക് ചുമതല നൽകാൻ ഏകകണ്ഠമായി തീരുമാനിച്ചത്.
ഇതേ ബാങ്കിലെ ജീവനക്കാരനായിരുന്നു അബ്ദുൾഖാദർ. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം ബാങ്ക് വൈസ് പ്രസിഡന്റായത്. ഡയറക്ടർ ബോർഡ് യോഗത്തിൽ കല്ലിങ്കിൽ പങ്കെടുത്തിരുന്നില്ല ഭരണസമിതിയംഗങ്ങളായ രാഹുൽ ദാമോദരൻ, ഓലിയൻ ജാഫർ, ഇ.പി. നാരായണൻ (കളിയാട്ടം), പി.പി. ഇസ്മായിൽ, പി.വി. രുഗ്മിണി, കുഞ്ഞമ്മ തോമസ്, കെ.എൻ. അഷ്റഫ്, സി. മുഹമ്മദ്കുഞ്ഞി, സെക്രട്ടറി ടി.വി.പുഷ്പകുമാരി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
നഗരസഭ വൈസ് ചെയർമാൻ കൂടിയായ കല്ലിങ്കിൽ പദ്മനാഭനെ ഡി.സി.സി കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഡി.സി.സി നിർദ്ദേശമനുസരിച്ച് ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ ബോർഡ് സ്ഥാനവും രാജിവയ്ക്കാത്തതിനെത്തുടർന്നായിരുന്നു സസ്പെൻഷൻ. ഇതിനു പിറകെ ബാങ്ക് പ്രസിഡന്റ് സ്ഥാനം പദ്മനാഭൻ രാജിവെച്ചിരുന്നു. എന്നാൽ ഡയറക്ടർ ബോർഡ് അംഗത്വം രാജിവച്ചിട്ടില്ല.