നീലേശ്വരം: പ്രസവാനന്തരം സ്ത്രീകൾക്ക് സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ നിന്ന് നൽകിവരുന്ന മരുന്നുകൾക്ക് കടുത്ത ക്ഷാമം. മുൻകാലങ്ങളിൽ ആയുർവേദ ഡിസ്പെൻസറികളിൽ നിന്ന് മരുന്നുകൾ കിട്ടാറുണ്ടെങ്കിലും ഇപ്പോൾ പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ഇത് സാധരണക്കാർക്ക് ഏറേ പ്രയാസം സൃഷ്ടിക്കുന്നു.
ജില്ല ആയുർവേദ ആശുപത്രിയിൽ എത്തിയാൽ തന്നെ ഡോക്ടർ കുറിച്ചുതരുന്ന മരുന്നുകൾ എല്ലാം തന്നെ ആശുപത്രിയിലില്ല താനും. ബലാരിഷ്ടം, ധന്വന്തരം കഷായം, ധന്വന്തരം തൈലം എന്നീ മരുന്നുകളാണ് ഡോക്ടർ കുറിച്ച് തരുന്നത്. ഇതിൽ ബലാരിഷ്ടം മാത്രമേ ആശുപത്രിയിൽ നിന്ന് ലഭിക്കുന്നുള്ളൂ. ബാക്കി മൂന്ന് മരുന്നുകളും പുറത്തുള്ള സ്വകാര്യ ആയുർവേദ കടകളിൽ നിന്ന് വാങ്ങേണ്ടതായി വരുന്നു.
വൻതുക നല്കി മരുന്നുവാങ്ങുക സാധാരണക്കാർക്ക് പ്രയാസമാണ്. പ്രത്യേകിച്ച് കൊവിഡ് കാലമായതിനാൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് മരുന്ന് വില താങ്ങാൻ പറ്റാവുന്നതല്ല. കഴിഞ്ഞ വർഷത്തെ പ്രോജക്ടിൽ കൊടുത്ത മരുന്നുകൾ അനുവദിച്ചതെല്ലാം തീർന്നെന്നാണ് ആശുപത്രി അധകൃതരുടെ മറുപടി. പുതിയ പ്രോജക്ടിൽ ആവശ്യപ്പെട്ട മരുന്നുകൾ സ്റ്റോക്ക് എത്തിയില്ലെന്നും ഇവർ പറയുന്നു.