കണ്ണൂർ: കൊവിഡിനെ തുടർന്ന് ദീർഘകാലമായി അടഞ്ഞ് കിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പ്രതിരോധമൊരുക്കാൻ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്ററുമായി ആയുഷ് വകുപ്പ്. 'കരുതലോടെ മുന്നോട്ട്" എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ മരുന്ന് വിതരണം. ആയുഷ് വകുപ്പിനൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പരിപാടി നടപ്പാക്കുക.
സ്‌കൂൾ തുറക്കുന്നതിനു മുമ്പേ തന്നെ പരമാവധി കുട്ടികൾക്ക് മരുന്ന് നൽകും. ഇതിനായി 25 മുതൽ 27 വരെ പ്രത്യേക ഡ്രൈവ് നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 25ന് രാവിലെ 10 മണിക്ക് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കും. കണ്ണൂർ ജില്ലയിലെ 1262 വിദ്യാലയങ്ങളിൽ 407845 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ വിവര ശേഖരണം പൂർത്തിയായി. പഞ്ചായത്ത് തലത്തിൽ സ്‌കൂൾ അദ്ധ്യാപകരുടെയും രക്ഷാകർത്തൃ സമിതിയുടെയും സഹായത്തോടെ മുഴുവൻ രക്ഷിതാക്കൾക്കും സപെഷ്യൽ ഡ്രൈവ് സംബന്ധിച്ച വിവരങ്ങൾ നൽകും. രജിസ്‌ട്രേഷന് കൊവിഡ് മാനദണ്ഡം പാലിച്ച് തിരക്കൊഴിവാക്കുന്നതിനായി പ്രത്യേക പോർട്ടൽ ഒരുക്കും. ഇതിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് മരുന്ന് കൈപ്പറ്റേണ്ടത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ തൊട്ടടുത്ത് മരുന്ന് വിതരണത്തിനുള്ള കിയോസ്‌കും സമയവും തിരഞ്ഞെടുക്കുന്നതിന് സൗകര്യമുണ്ടാകും. 103 ഹോമിയോ ഡിസ്‌പെൻസറികൾക്ക് പുറമെ 15 അധിക കിയോസ്‌കുകളും മരുന്നു വിതരണത്തിനായി ഒരുക്കും. ജില്ലയിലെ സർക്കാർ, നാഷണൽ ഹെൽത്ത് മിഷൻ, ആയുഷ് മിഷൻ എന്നീ മേഖലകളിലെ ഡോക്ടർമാർക്ക് പുറമെ സ്വകാര്യ ഹോമിയോ ഡോക്ടർമാരും ഇതിൽ പങ്കാളികളാകും.
പ്രതിരോധ മരുന്ന് ദിവസവും രാവിലെ വെറും വയറ്റിൽ ഒന്ന് വീതം മൂന്ന് ദിവസം തുടർച്ചയായി കഴിക്കണം. 21 ദിവസം കൂടുമ്പോൾ ഇത് ആവർത്തിക്കണം. അദ്ധ്യയന വർഷാവസാനം വരെ ഇത് തുടരും. പദ്ധതിക്കാവശ്യമായ മരുന്ന് എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചിട്ടുണ്ട്.
ഡോ. അബ്ദുൾ സലാം, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ)