കാസർകോട്: പത്താംതരം പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭ്യമാക്കണന്നാവശ്യപ്പെട്ട്
എം.എസ്.എഫ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗവ. കോളേജ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം പ്രവർത്തകർ നടത്തി. ബാരിക്കേഡിന് മുകളിൽ ചാടികയറാൻ ശ്രമിപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആർക്കും കാര്യമായ പരിക്കില്ല. ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി. പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർ പ്രകടനമായി എത്തി ബി.സി റോഡിൽ ദേശീയപാത ഉപരോധിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, സഹീർ ആസിഫ്, അബ്ദുല്ല കുഞ്ഞി ചെർക്കള തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റാഷിദ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ അസ്ഹറുദ്ധീൻ മണിയനോടി, സഹദ് അംഗഡി മൊഗർ ,നഷാത്ത് പരവനടുക്കം, ജാബിർ തങ്കയം നേതൃത്വം നൽകി