മാഹി: പുതുച്ചേരി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ മൂന്നാം തവണയും നീട്ടിയെങ്കിലും, പെരുമാറ്റച്ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ, ഉദ്യോഗസ്ഥരും പൊതുജനങ്ങളും വലയുന്നു. ഇനി എപ്പോൾ നടക്കുമെന്ന് സർക്കാരോ കോടതിയോ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ മയ്യഴിയുടെ അതിർത്തികളിൽ ചെക്ക് പോസ്റ്ററുകൾ ഏർപ്പെടുത്തിയത് ഇനിയും നീക്കിയിട്ടില്ല. പൊലീസ്, മിനിസ്റ്റീരിയൽ സ്റ്റാഫ് ,അദ്ധ്യാപകർ ഉൾപ്പെട്ട ടീമാണ് രാപകലില്ലാതെ കൊടുംവെയിലും, കനത്ത മഴയും സഹിച്ച് താൽക്കാലിക ഷെൽട്ടറുകളിൽ ജോലി ചെയ്യുന്നത്. രാത്രികാലങ്ങളിൽ വിജനമായ ഇടങ്ങളിൽ തെരുവ് നായ്ക്കളുടേയും, ഇഴജീവികളുടേയും ശല്യവും അനുഭവിക്കണം.

എപ്പോൾ നടക്കുമെന്ന് ഒരുറപ്പുമില്ലാത്ത തെരഞ്ഞെടുപ്പിനാണ് ആർക്കോ വേണ്ടിയെന്ന പോലെ ഇവർ കാവലിരിക്കുന്നത്. മാഹിയിലെ ഏറ്റവും വാഹനതിരക്കേറിയ ദേശീയപാതയിൽ ചെക്ക് പോസ്റ്റുകളില്ലെന്നത് ശ്രദ്ധേയമാണ്. ഗ്രാമീണ മേഖലകളായ പാറാൽ, ചൊക്ലി, മാക്കുനി, മൂലക്കടവ് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകളുള്ളത്.

സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അദ്ധ്യാപകരെ പാറാവിന് നിർത്തുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

എന്ന് നടക്കുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത തിരഞ്ഞെടുപ്പിന്റെ പേരിൽ, സർക്കാർ ജീവനക്കാരെ അനാവശ്യമായി കാവൽ ജോലിക്ക് നിയോഗിച്ചത് അടിയന്തരമായി പിൻവലിക്കണം.

ജനശബ്ദം മാഹി പ്രവർത്തക സമിതി