മാഹി: പ്രാർത്ഥനകളും, അനുഗ്രഹഭാഷണങ്ങളും കൊണ്ട് ധന്യമായ 17 ദിനരാത്രങ്ങൾക്ക് ഇന്ന് വിട. ജമന്തിപ്പൂമാലകൾ കൊണ്ടലംകൃതമായ രഥത്തിൽ, കുന്തിരിക്കത്തിന്റേയും, കർപ്പൂരത്തിന്റേയും, ചന്ദനത്തിരികളുടേയും സമ്മിശ്ര ഗന്ധം മുറ്റി നിൽക്കുന്ന അൾത്താരയിൽ നിന്നും, ആത്മീയ ഗീതികൾ അലയടിക്കവെ, വിശുദ്ധ മാതാവിന്റെ ദാരുശിൽപ്പം, ഇന്നുച്ചയോടെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റപ്പെടും. പെരുന്നാളിന്റെ അവസാന നാളിലെ മദ്ധ്യാഹ്നത്തിൽ, ഭക്തമാനസങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനകളോടെ പള്ളി വികാരി ഫാദർ വിൻസന്റ് പുളിക്കൽ, രഥത്തിൽ നിന്നും തിരുസ്വരൂപം അണിയറയിലേക്ക് മാറ്റും. മൂന്നാഴ്ചക്കാലം വിശുദ്ധ നഗരമായി മാറിയ മയ്യഴി, അതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും.
തിരുനാൾ സമാപന ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി ഉണ്ടാകും. സഹ വികാരി ഫാ. ജോസഫ് ഷിബു, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, ആഘോഷക്കമ്മിറ്റി കൺവീനർ ഡിക്സൺ വർഗീസ്, സാജു ജോസഫ്, അഗസ്റ്റിൻ ആന്റണി, ലിജോയ്, എറിക്ക് സാംസൺ, ക്രിസ്റ്റഫർ ആന്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.