കണ്ണൂർ: കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങിയപ്പോൾ കണ്ണൂർ ജില്ലയുടെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങി. മുമ്പ് അഞ്ച് ജനറൽ സെക്രട്ടറിമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് അഡ്വ. സോണി സെബാസ്റ്റ്യനിൽ മാത്രമായി ചുരുങ്ങി. അതേസമയം മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അതും ഉണ്ടായില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ ഐ വിഭാഗം നേതാവ് അഡ്വ. സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചതിനെ തുടർന്ന് എ വിഭാഗം നേതാവ് സോണി സെബാസ്റ്റ്യൻ നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടാണ് സോണിയെയും എ വിഭാഗം നേതാക്കളെയും അനുനയിപ്പിച്ചത്. കെ.പി.സി.സി പുനഃസംഘടന വരുമ്പോൾ പരിഗണിക്കാമെന്നു ഉറപ്പും നൽകിയിരുന്നു. സജീവ് ജോസഫിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും സോണി രാജിവച്ചിരുന്നു.
അതേസമയം പുനഃസംഘടനയിൽ മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ തഴഞ്ഞതിലും എ, ഐ വിഭാഗത്തിനിടയിലും ശക്തമായ പ്രതിഷേധമുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പാച്ചേനിയ്ക്ക് പുനഃസംഘടനയിൽ പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പട്ടിക തയ്യാറാക്കിയത് ഗ്രൂപ്പ് നോക്കിയല്ലെന്നും പ്രവർത്തനമികവ് മാത്രം പരിഗണിച്ചാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.