കാസർകോട്: ഹൈക്കമാൻഡ് അംഗീകരിച്ച കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തുവന്നപ്പോൾ കാസർകോട് ജില്ലയിലെ നേതാക്കളിൽ നിരാശ. നിലവിലുള്ള ഭാരവാഹികളുടെ കൂട്ടത്തിലും കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ ആരും ഉണ്ടായിരുന്നില്ലെങ്കിലും പുതിയ പട്ടിക പുറത്തുവരുമ്പോൾ ജനറൽ സെക്രട്ടറി പദം കാസർകോടിന് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബാലകൃഷ്ണൻ പെരിയ, എം അസിനാർ എന്നിവർ നിലവിൽ കെ.പി.സി.സി സെക്രട്ടറിമാരാണ്. മുൻ സെക്രട്ടറി കെ. നീലകണ്ഠനെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രശ്നങ്ങളെ തുടർന്ന് പരിഗണിക്കാതെ പോയി. ഉദുമ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാലകൃഷ്ണൻ പെരിയയെ ഇത്തവണ ജനറൽ സെക്രട്ടറി ആക്കുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. കാസർകോട്ടെ കോൺഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘത്തോട് കെ.പി.സി. സി പ്രസിഡന്റ് കെ.സുധാകരൻ തന്നെ ഇക്കാര്യം ഉറപ്പ് നൽകിയതാണ്. ബാലകൃഷ്ണൻ പെരിയയെ ജനറൽ സെക്രട്ടറിയാക്കി മീഡിയ ചുമതല നൽകുന്നതിനായിരുന്നു ധാരണ. സാമുദായിക പ്രാതിനിധ്യവും ബാലകൃഷ്ണൻ പെരിയക്ക് അനുകൂലമായിരുന്നു. ഒടുവിൽ ലിസ്റ്റ് വന്നപ്പോൾ അദ്ദേഹവും ഔട്ടായി. മറ്റേതെങ്കിലും പുതിയ ചുമതല കെ.സുധാകരൻ ബാലകൃഷ്ണന് നൽകുമെന്ന പ്രതീക്ഷയും നിലനിൽക്കുകയാണ്. നിലവിലുണ്ടായിരുന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവിൽ കെ.പി കുഞ്ഞിക്കണ്ണൻ, കെ.വി ഗംഗാധരൻ, അഡ്വ. എ ഗോവിന്ദൻ നായർ, പി.കെ ഫൈസൽ എന്നിവർ ഉണ്ടായിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ഹക്കിം കുന്നിലിനെ ക്ഷണിതാവായി ഉൾപ്പെടുത്തി.