കണ്ണൂർ: മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും കാരണം പഴശ്ശി ഡാം കടുത്ത തകർച്ച നേരിടുകയാണ്. സമയബന്ധിതമായി അറ്റകുറ്റപണി കിട്ടാത്തതാണ് പ്രധാന കാരണം. 2008 മുതൽ ജലവിതരണം നിലച്ച കനാൽ ശൃംഖല പൂർണമായി താറുമാറായി . ജീവനക്കാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചതും ഫണ്ടിന്റെ അപര്യാപ്തതയും സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു.
404 കി.മീ.നീളം വരുന്ന കനാലുകൾ പൂർണ്ണമായി പുനരുദ്ധരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനായി അടിയന്തരമായി 100 കോടി രൂപയോളം ആവശ്യമാണ്. പദ്ധതി പൂർത്തീകരിക്കുന്നതിന് ജീവനക്കാരുടെ എണ്ണത്തിലും ആനുപാതിക വർദ്ധന ഉണ്ടാകേണ്ടിയിരിക്കുന്നു. പദ്ധതി വിജയകരമായാൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നീ വില്ലേജുകളിൽ 11525 ഹെക്ടർ പ്രദേശത്തെ കൃഷിഭൂമി ജലസേചന യോഗ്യമാകും. മുൻകാലങ്ങളിൽ മൂന്ന് ഡിവിഷൻ, അഞ്ച് സബ്ഡിവിഷൻ, 17 സെക്ഷൻ എന്നിങ്ങനെ ഓഫീസുകളുടെ സേവനം ലഭ്യമായിരുന്ന പഴശ്ശി പദ്ധതിക്ക് നിലവിൽ ഒരു ഡിവിഷൻ, ഒരു സബ് ഡിവിഷൻ, നാല് സെക്ഷൻ എന്നീ ഓഫീസുകളാണ് ഇപ്പോളുള്ളത്. ഇത്രയും ചുരു ങ്ങിയ ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് 5400 ഏക്കറോളം വരുന്നവസ്തുക്കളുടെ പരിപാലനം ഉൾപ്പെടെ പ്ലാൻ ഫണ്ടിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ നടപ്പാക്കേണ്ടത്.
ബാരേജിൽ വിള്ളലുകൾ
2012 ലുണ്ടായ അതിഭീകരമായ വെള്ളപ്പൊക്കത്തിൽ ബാരേജിന്റെ ഘടനയ്ക്ക് കാര്യമായ കേടുപാട് നേരിട്ടു. മെയിൻ കനാലിലെ രണ്ട് സ്ഥലങ്ങളിൽ ഭീമമായ വിളളലുകളുണ്ടായി. ലോകബാങ്ക് സഹായത്തോടുകൂടി നടപ്പിലാക്കിയ ഉത്തേജക പദ്ധതിയിലൂടെ കേടുപാടുകൾ പൂർണമായും പരിഹരിച്ച് വെളളം സംഭരിക്കാനുളള ശേഷി ആർജിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 2018 ൽ പൂർത്തീകരിച്ചു ചിലവ് 6.76 കോടി രൂപയാണ്.2018 ലെ വെള്ളപ്പൊക്കത്തിലുണ്ടായ കെടുതികൾ എസ്.ഡി.ആർ.എഫ്. സ്‌കീം മുഖേന (17.1599 കോടി രൂപ) പുനർ നിർമ്മിച്ചുവരുന്നു. ഇതിനകം 78 പ്രവൃത്തികൾ പൂർത്തീകരിക്കുകയും 818.44 കോടി രൂപ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. 2019 ൽ ഉണ്ടായ വൻ വെളളപ്പൊക്കത്തിൽ മെയിൻ കനാലിലെ അണ്ടർ ടണൽ, 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി എന്നിവ തകർന്നു.
കാലാവധി തീരാൻ 10 ദിവസം ദിവസങ്ങൾ മാത്രം
മട്ടന്നൂർ , കാര , വളയാൽ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതും തകർച്ച നേരിട്ടതുമായ കനാൽ ഇൻസ്‌പെക്ഷൻ റോഡും കനാൽ ഭിത്തിയും പുനരുദ്ധരിക്കുവാൻ വിവിധ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയുടെ പ്രവൃത്തി നടപ്പിലാക്കുന്നുണ്ട്.2020 നവംബർ 3 ന് കരാർ ഉടമ്പടിയിൽ ഏർപ്പെട്ട പ്രവൃത്തി നിലവിൽ അമ്പത് ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പൂർത്തീകരണ കാലാവധി നവംബർ 2 വരെയാണ്.നിലവിൽ ലഭ്യമായ ഫണ്ടും ജീവനക്കാരെയും ഉപയോഗപ്പെടുത്തി 46 കി.മീ.വരുന്ന മെയിൻ കനാലും 23 കി.മീ. വരുന്ന മാഹി ഉപകനാലും ഉപയോഗ യോഗ്യമാക്കുന്നതിലേക്കുളള തീവ്ര ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
പഴശ്ശിഡിവിഷൻ വഴി മാഹി ബ്രാഞ്ച് കനാലിൽ നിന്നും കീഴല്ലൂർ, വേങ്ങാട്,മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്ത് പറമ്പ, ന്യൂമാഹി എന്നീ പഞ്ചായത്തുകളിലും കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടർ (6115.72 ഏക്കർ) നിലവും മെയിൻ കനാലിൽ നിന്നും ഇരിട്ടി, മട്ടന്നൂർ ,ആന്തൂർ നഗരസഭകളിലും കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി,കുറ്റിയാട്ടൂർ, മയ്യിൽ, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടർ(1405.43 ഏക്കർ) നിലവും ജലസേചന യോഗ്യമാക്കാം.
പഴശ്ശി പദ്ധതിയെ പൂർണതോതിൽ ലക്ഷ്യത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. സർക്കാർ അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്-
കെ.കെ.ശൈലജ