5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നു

കാഞ്ഞങ്ങാട്: ജില്ലാ ജയിൽ സ്ഥാപിക്കുന്നതിന് മൈലാട്ടിയിൽ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചു.ദേശീയ പാതയിൽ മൈലാട്ടി ടെക്സ്റ്റൈൽ കോർപറേഷന്റെ ഉദുമ സ്പിന്നിംഗ് മില്ലിന് സമീപമുള്ള 16 ഏക്കറിൽനിന്നാണ് ഭൂമി അളന്നെടുക്കുന്നത്. 5 ഏക്കർ സ്ഥലമാണ് ജയിലിനായി അനുവദിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം സർവ്വേ നടപടികൾ തുടങ്ങി. ഹൊസ്ദുർഗ് ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ട് എസ്. ബാബു, കാസർകോട് സബ്‌ജയിൽ സൂപ്രണ്ട് എൻ. ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി ജയിൽ ഓഫീസർ ടി. വിനോദ്കുമാർ, അസി. ജയിൽ ഓഫീസർ വിജയൻ, ജില്ലാ ജയിൽ നോഡൽ ഓഫീസർ വി.കെ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവ്വേ.
സർവേ നടപടികൾ പൂർത്തിയായി ഭൂമി കൈമാറ്റം നടന്നാൽ, ജയിൽ നിർമാണത്തിനുള്ള നടപടി തുടങ്ങും. കാഞ്ഞങ്ങാട് ജില്ല ജയിൽ, കാസർകോട് സ്പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ മൂന്നു ജയിലുകളാണ് ജില്ലയിലുള്ളത്. ചീമേനിയിൽ റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ സാധിക്കില്ല. നിലവിൽ ജില്ലാ ജയിൽ തടവുകാർക്കുള്ള സി.എഫ്.എച്ച്.സി സെന്ററായാണ് പ്രവർത്തിക്കുന്നത്. 31 തടവുകാരാണ് ഇവിടെ ഇത്തരത്തിൽ കഴിയുന്നത്. എന്നാൽ നിലവിൽ 13 പേർക്കുള്ള സൗകര്യം മാത്രമേ ഇവിടെ ഉള്ളൂ.
കാഞ്ഞങ്ങാട്ട് നൂറുപേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമേയുള്ളു. എന്നാൽ 150ൽ പരം തടവുകാർ ഇവിടെ ഉണ്ട്. കാസർകോട്ട് 70 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമേയുള്ളു. റിമാൻഡ് തടവുകാരെ സ്ഥലപരിമിതി കണക്കിലെടുത്ത് ഓരോ മാസവും കുറച്ചു പേരെ കണ്ണൂരിലെ ജയിലുകളിലേയ്ക്ക് മാറ്റുകയാണ് പതിവ്. എന്നാൽ തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റാൻ വാഹനങ്ങൾ ഇല്ലാത്തത് പൊലീസുകാർക്ക് തലവേദനയാണ്. കൂടാതെ തടവുകാരുടെ ബന്ധുക്കൾക്കും ഇവരെ കാണണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയുമാണ്.

വ‌ർഷങ്ങളുടെ പഴക്കം

ജില്ലയിൽ 200 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ജില്ലാ ജയിൽ സ്ഥാപിക്കണമെന്ന ജയിൽ വകുപ്പിന്റെ തീരുമാനത്തിന് വർഷങ്ങളുടെ പഴക്കം. ജില്ലയിൽ എവിടെയെങ്കിലും സ്ഥലം വിട്ടു നൽകിയാൽ പകരം സ്ഥലം നൽകാമെന്നും നിലവിൽ ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്ന ചെമ്മട്ടംവയലിലെ കെട്ടിടം ജില്ലാശുപത്രിയുടെ വികസനത്തിനായി വിട്ടു നൽകാമെന്നും ജയിൽ വകുപ്പ് അറിയിച്ചിരുന്നു. സമീപത്ത് ജയിൽ സ്ഥിതി ചെയ്യുന്നത് കാരണം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻഡോസൾഫാൻ പാക്കേജ് കൊണ്ട് ജില്ലാശുപത്രിക്കായി പണികഴിപ്പിച്ച അഞ്ചുനില കെട്ടിടത്തിന് നാളിതുവരെയായും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല.