പേരാവൂർ: സമ്പൂർണ്ണ ശുചിത്വ പദവി നേടുക എന്ന ലക്ഷ്യത്തോടെ പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളും ഹരിതകർമ്മ സേനയെ ഉപയോഗിച്ച് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച മുപ്പതു ടണ്ണോളം കുപ്പി, ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി. ഖര മാലിന്യ സംസ്‌കരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഏഴ് പഞ്ചായത്തുകളും സർക്കാർ കലണ്ടർ പ്രകാരമുള്ള മാലിന്യമാണ് ഓരോ മാസവും ശേഖരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ശേഖരിച്ച ടൺ കണക്കിന് തുണി മാലിന്യവും ക്ലീൻ കേരളയ്ക്ക് കൊടുത്തിരുന്നു.

പേരാവൂർ ബ്ലോക്ക് പരിധിയിലെ പേരാവൂർ, കേളകം, കൊട്ടിയൂർ, മാലൂർ, മുഴക്കുന്ന്, കണിച്ചാർ, കോളയാട് പഞ്ചായത്തുകൾ കൈമാറിയ ചില്ലു മാലിന്യമാണ് ക്ലീൻ കേരള കൊണ്ടുപോയത്.

പേരാവൂർ ബ്ലോക്കിൽ സർക്കാർ നിഷ്‌കർഷിച്ച ശുചിത്വമാലിന്യസംസ്‌കരണ പ്രവർത്തനം സജീവമാണ്. ഈ മാസം പ്ലാസ്റ്റിക്കിന് ഒപ്പം ചെരിപ്പ്, ബാഗ്, തെർമോകോൾ മാലിന്യവും ശേഖരിക്കും. ഹരിത കേരള മിഷൻ തയ്യാറാക്കുന്ന സ്മാർട്ട് ഗാർബേജ് ആപ്പ് കൂടി വരുന്നത്തോടെ കൂടുതൽ കാര്യക്ഷമതയോടെയുള്ള പ്രവർത്തനം പഞ്ചായത്തുകളിൽ സാദ്ധ്യമാകുമെന്നും അതുവഴി ഏഴ് പഞ്ചായത്തും സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ആയി മാറുമെന്നും ഹരിതകേരള മിഷൻ ജില്ല കോഓർഡിനേറ്റർ ഇ.കെ. സോമശേഖരനും ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആശംസ് ഫിലിപ്പും അഭിപ്രായപ്പെട്ടു.

പടം :ഹരിതകർമ്മ സേന ശേഖരിച്ച ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറുന്നു