babu
ബാബു കർണ്ണ മൂർത്തി അണിയലങ്ങൾ ഒരുക്കുന്നു.

തൃക്കരിപ്പൂർ: നിബന്ധനകളോടെയാണെങ്കിലും നഷ്ടമായ രണ്ടു കളിയാട്ട കാലങ്ങൾക്കു ശേഷം വീണ്ടും തെയ്യം കെട്ടിയാടാൻ അനുമതിയായതോടെ തെയ്യ കോലധാരികളുടെ പ്രതീക്ഷകളുണരുന്നു. കളിയാട്ടങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇവരെല്ലാം കഴിഞ്ഞ രണ്ടു വർഷങ്ങൾ കഷ്ടിച്ച് തള്ളിനീക്കുകയായിരുന്നു.

തെയ്യങ്ങളുടെ തിരുമുടിയും ഉടയാടകളുമൊക്കെ ഒരുക്കി വെക്കുന്ന തിരക്കിലാണ് ഇവരെല്ലാം. തെയ്യം കെട്ട് നിലച്ചതിനെ തുടർന്ന് ചമയങ്ങളും ഉടുപ്പുകളുമെൊക്കെ ഇതിനകം നശിച്ചുകഴിഞ്ഞു. ഇതുകാരണം പുത്തൻ ചമയങ്ങളൊരുക്കാതെ കളിയാട്ടക്കാലത്തിലേക്ക് പോകാൻ സാധിക്കില്ലെന്ന അവസ്ഥയിലാണ് ഇവരെല്ലാം. തുലാ പത്തു മുതൽ അരങ്ങുണരുന്ന നൂറു കണക്കിന് പള്ളിയറ കളും തറവാടുകളും കാവുകളും കഴകങ്ങളുമൊക്കെയും ശുചീകരണ പാതയിലാണ്. തൃക്കരിപ്പൂർ, ചെറുവത്തൂർ ഭാഗങ്ങളിലെ ചില ക്ഷേത്രങ്ങൾ തെയ്യം കെട്ടിനുള്ള തീയ്യതികൾ കുറിച്ചും ജന്മാവകാശികളായ കോലധാരികളെ വിവരമറിയിച്ചും ഒരുക്കം തുടങ്ങി. നിലവിൽ 40 പേർക്ക് മാത്രമേ തെയ്യം കെട്ട് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളുവെങ്കിലും ക്രമേണ അതിനൊരു മാറ്റം ഉണ്ടാകുകുന്ന പ്രതീക്ഷയിലാണ് വിശ്വാസസമൂഹം. തൃക്കരിപ്പൂർ പേക്കടം ശ്രീകുറുവാപ്പള്ളി അറകളിയാട്ടം നവംബർ 3 മുതൽ 6 വരെയാണ്. ആയിറ്റി ഭഗവതിയാണ് ഇവിടുത്തെ പ്രധാന തെയ്യക്കോലം. ഇളമ്പച്ചി മനിയേരി തറവാട്ടിൽ ഒക്ടോബർ 26 നും, 27 ന് കാലിച്ചാൻ ദേവസ്ഥാനത്തും ഇളമ്പച്ചിനാണാട്ട് തറവാട്ടിലും തെയ്യം അരങ്ങിലെത്തും.

തെയ്യം മുടങ്ങിയതോടെ താളം തെറ്റിയ നൂറു കണക്കിന് തെയ്യക്കോലധാരികളുടെ ജീവിതത്തിന് തിരി തെളിയുമെന്നത് ആശ്വാസകരമാണ്. കളിയാട്ടങ്ങൾക്ക് പൂർണ്ണമായ അനുമതി ലഭിച്ചില്ലെങ്കിലും തെയ്യത്തിന്റെ അണിയലങ്ങൾ ഒരുക്കി വരികയാണ് ഞങ്ങളെല്ലാം . ഭഗവതിയുടെ മാറിൽ കെട്ടുന്ന "ഏഴുതരം " ഒരുക്കാൻ 10 ദിവസത്തെ പണിയുണ്ട്. അതു പോലെ കോലങ്ങൾ ഉടുക്കുന്ന ഞൊറിവുള്ള "വെളിമ്പൻ " കഞ്ഞി മുക്കി ഉണക്കിയെടുക്കാനും ദിവസങ്ങൾ വേണം.കളിയാട്ടങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന എന്നെ പ്പോലുള്ള കോലധാരികൾ പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ പ്രാർത്ഥനയോടെ കഴിയുകയാണ്-

തെക്കും കര ബാബു കർണ്ണ മൂർത്തി.