മാഹി: പതിനായിരങ്ങൾക്ക് ദർശനാനുഭൂതിയേകി, ആത്മീയതയുടെ പതിനേഴ് ദിനരാത്രങ്ങളിൽ നീരാടി, അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ഇന്നലെ മദ്ധ്യാഹ്നത്തോടെ ഭക്തി സാന്ദ്രമായ ചടങ്ങുളോടെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി.
ദേവാലയത്തിന് അകത്തും പുറത്തും അമ്മ ത്രേസ്യയെ വാഴ്ത്തിക്കൊണ്ടുള്ള സ്തുതിഗീതങ്ങൾ ഉയരവെ, പള്ളിമണികളും കതിനാ വെടികളും കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, പള്ളി വികാരി ഫാ. വിൻസന്റ് പുളിക്കൽ തെരേസാ പുണ്യവതിയുടെ വിഗ്രഹം അൾത്താരയിലെ രഹസ്യ സങ്കേതത്തിലേക്ക് നീക്കിയപ്പോൾ പ്രാർത്ഥനാനിരതരായി വിദൂര ദേശങ്ങളിൽ നിന്നടക്കമുള്ള വിശ്വാസി മൂഹം കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു.
പ്രദക്ഷിണവും ദിവ്യപൂജയ്ക്കും ശേഷമാണ് അവസാന ചടങ്ങുകൾ അരങ്ങേറിയത്.
പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ആഘോഷ കമ്മിറ്റി കൺവീനർമാർ, ഡിക്സൺ വർഗ്ഗീസ്, കെ.ഇ. നിക്സൺ, റോയ് ജോസ്, രാജേഷ് ഡിസിൽവ, ബെന്നി, ജോയി ജോർജ്, ലാൻസി മെന്റസ്, ലിനി പീറ്റർ, ഡിക്സൺ വർഗ്ഗീസ്, ഇ എക്സ്. ആഗസ്റ്റിൻ, ആന്റണി ലിജോയി, എറിക് സാംസൺ, ഒ.ജെ. സജു, ക്രിസ്റ്റോഫർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.