കാസർകോട്: സി.പി.എം മടിക്കൈ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ കടുത്ത മത്സരം നടന്നത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ മടിക്കൈ പോലുള്ള പാർട്ടി കേന്ദ്രത്തിൽ അസ്വാഭാവികമായ രീതിയിൽ കാര്യങ്ങൾ പോകുന്നതിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു എന്നാണ് അറിയുന്നത്. ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പ്രമുഖരാണ് തോറ്റത്. ഡിവൈ.എഫ്.ഐ നേതാക്കളും പഞ്ചായത്ത് മെമ്പറും ബ്രാഞ്ച് സെക്രട്ടറിയും മത്സരിച്ചു തോറ്റതിൽ ഉൾപ്പെടും. വി.എസ്. പക്ഷത്തെ ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ ആശീർവാദത്തോടെ ഔദ്യോഗിക പാനലിൽ വന്നവരും തോറ്റു.
രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ തോറ്റത് നിസാര വോട്ടുകൾക്കാണ്. ഡിവൈ.എഫ്.ഐ മടിക്കൈ മേഖല സെക്രട്ടറി ജിതേഷ് കക്കാട്ട്, മേഖല കമ്മിറ്റിയംഗം റോഷിൻ, മുൻ പഞ്ചായത്തംഗം ജഗദീശൻ, കർഷക സംഘം ഭാരവാഹി പത്മിനി എന്നിവരാണ് ഔദ്യോഗിക പാനലിനെതിരെ മത്സര രംഗത്തുവന്നത്. നാല് പേരും മത്സരത്തിൽ ഉറച്ചു നിന്നതോടെ നടത്തിയ വോട്ടെടുപ്പിൽ മടിക്കൈ പഞ്ചായത്ത് മെമ്പർ വി. സുഹ്റ, കൂലോം റോഡ് ബ്രാഞ്ച് സെക്രട്ടറി കെ. ഭാസ്‌ക്കരൻ എന്നിവർ പരാജയപ്പെട്ടു. സുഹ്റയ്ക്ക് 30 വോട്ട് മാത്രമാണ് ലഭിച്ചത്. മത്സരിച്ച രണ്ടുപേരും ഔദ്യോഗിക പാനലിലെ രണ്ടുപേരുമാണ് തോറ്റത്. മത്സരിച്ച ജഗദീശനും പത്മിനിയും ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് നേതൃത്വത്തെ നടുക്കിയത്. മുൻ ഡി.വൈ.എഫ്.ഐ നേതാവ് ബി. ബാലനെ മടിക്കൈ ലോക്കൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. പാർട്ടി നേതാക്കൾക്കെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ചാളക്കടവ് അഴീക്കോടൻ സ്മാരക ക്ലബ് പരിസരത്താണ് ലോക്കൽ സമ്മേളനം കഴിഞ്ഞ ദിവസം നടത്തിയത്. 19 പേരടങ്ങുന്ന ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പാനലാണ് ഔദ്യോഗിക നേതൃത്വം സമ്മേളനത്തിൽ അവതരിപ്പിച്ചത്.