citty-road

കണ്ണൂർ: സ്ഥലമേറ്റെടുക്കൽ ആവശ്യമില്ലാത്ത റോഡുകൾ ടെൻഡർ നടപടിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതോടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. വകുപ്പിൽ നടപ്പാക്കുന്ന 'ആക്‌സിലറേറ്റ് പി ഡബ്ല്യു ഡി ' പദ്ധതിയുടെ ഭാഗമായിരുന്നു യോഗം.

നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഘട്ടം ഘട്ടമായി പദ്ധതി ആരംഭിക്കാൻ നിർദ്ദേശം നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്ത മൂന്ന് റോഡുകളിലാണ് ടെൻഡർ നടപടികൾ ഉടൻ തുടങ്ങുന്നത്. മറ്റ് റോഡുകൾക്കായി സ്ഥലം ഏറ്റെടുക്കലിന്റെ പുരോഗതിയും യോഗം ചർച്ച ചെയ്തു.

ണ്ട് റോഡുകളുടെ നോട്ടിഫിക്കേഷൻ നവം.30നകം

പൊടിക്കുണ്ട് കൊറ്റാളി , പുല്ലൂപ്പി കുഞ്ഞിപ്പളളി റോഡുകളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 19 (1) നോട്ടിഫിക്കേഷൻ നവംബർ മുപ്പതിനകം പൂർത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി. മന്ന ജംഗ്ഷൻ ന്യൂ എൻ എച്ച് ബൈപ്പാസ് , തയ്യിൽ തെഴുക്കിലെ പീടിക റോഡിലെ 19 (1) നോട്ടിഫിക്കേഷൻ ഡിസംബർ 31നകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് റോഡുകളിലെ സ്ഥലം ഏറ്റെടുക്കാൻ ചർച്ച തുടരുകയാണ്. കെ .ആർ. എഫ് .ബിയ്ക്കാണ് പദ്ധതികളുടെ നിർവ്വഹണ ചുമതല. അണ്ടർ പാസ്, ഫ്‌ളൈ ഓവർ സ്ഥലെമെടുപ്പ് ഉടൻ മേലെചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ പ്രവൃത്തിയുടെ പരോഗതിയും യോഗം വിലയിരുത്തി. മേലെചൊവ്വ അണ്ടർ പാസ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയാക്കിയാലുടൻ ടെണ്ടർ നടപടികൾ ആരംഭിക്കും.

സൗത്ത് ബസാർ ഫ്ളൈ ഓവറിന് ഭൂമി ഏറ്റെടുക്കും

സൗത്ത് ബസാർ ഫ്‌ളൈഓവറിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും തുടരുകയാണ്. ആർ ബി ഡി സി കെയാണ് ഈ പദ്ധതികളുടെ നിർവ്വഹണ ഏജൻസി. എം. എൽ .എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. വി സുമേഷ്,പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിംഗ്, കെ .ആർ .എഫ് .ബി .സി .ഇ . ഒ ശ്രീറാം സാംബശിവറാവു , ആർബിഡിസികെ എം .ഡി എസ് സുഹാസ് , ജില്ലാ കളക്ടർ എസ് .ചന്ദ്രശേഖർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കണ്ണൂരിന്റെ മുഖഛായ മാറ്റുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രവർത്തനം കൃത്യമായി നിരീക്ഷിക്കും-മുഹമ്മദ് റിയാസ്