കണ്ണൂർ: വഴിയോരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും നിശ്ചിത സമയപരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനും ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം തീരുമാനിച്ചു. കെ.വി സുമേഷ് എം.എൽ.എ യുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.
പൊലീസ് സ്റ്റേഷനുകളിലും മറ്റും കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ നിയമ കുരുക്കുകൾ ഒഴിവാകുന്നവ ഉടമകൾക്ക് കൈമാറാനും അല്ലാത്തവ ഡംബിംഗ് യാർഡിലേക്ക് മാറ്റാനും ഇതിനായി താലൂക്ക് കേന്ദ്രങ്ങളിൽ ഡംബിംഗ് യാർഡുകൾ കണ്ടെത്താനും യോഗത്തിൽ നിർദ്ദേശമുയർന്നു. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പുതിയതെരു മുതൽ മേലെ ചൊവ്വ വരെയുള്ള റോഡിലെ പൊളിഞ്ഞ ഡിവൈഡറുകൾ ഉടൻ അറ്റകുറ്റപ്പണി നടത്താൻ നാഷണൽ ഹൈവേ അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി. തോട്ടടയിലെ റോഡിന്റെ വശങ്ങളിലുള്ള മരങ്ങൾ മുറിച്ച് മാറ്റാനും തീരുമാനമായി. റോഡുകളിലെ അപകട സാധ്യതയുള്ള ഇടങ്ങൾ അഥവാ ബ്ലാക്ക് സ്‌പോട്ടുകൾ സംബന്ധിച്ച് പരിശോധന നടത്തി രണ്ടാഴ്ചക്കുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് യോഗം നിർദ്ദേശം നൽകി.
കെ.വി സുമേഷ് എം.എൽ.എ, മേയർ അഡ്വ. ടി.ഒ മോഹനൻ, സിറ്റി കമ്മീഷണർ ആർ. ഇളങ്കോ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സി, എ.ഡി.എം കെ.കെ ദിവാകരൻ, ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.