പാനൂർ : മലബാറിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ബഹുദൈവ വിശ്വാസത്തിനും വിഗ്രഹാരാധനയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി നവോത്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച വാഗ്ഭടാനന്ദ ഗുരുദേവന്റെ 82-ാമത് സമാധിദിനാചരണം കേരള ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ 29 ന് നടക്കാനിരിക്കെ പരിഭവം പങ്കുവെക്കുകയാണ് പൗത്രി സുജാത.
ഗുരുദേവരുടെ ആദ്യഭാര്യയും തന്റെ മുത്തശ്ശിയുമായ ചീരൂട്ടിയമ്മയെ വാഗ്ഭടാനന്ദ ജീവചരിത്രകാരന്മാർ മനപൂർവം മറച്ചുവെന്നാണ് ഇവരുടെ ആക്ഷേപം. ഗുരുദേവരെകുറിച്ച് എഴുതിയ പല പുസ്തകങ്ങളിലും ഉഹാപോഹങ്ങളും ഭാവനയും മാത്രമാണെന്നും സുജാത കുറ്റപ്പെടുത്തുന്നു. മഹാത്മക്കളുടെ ജീവിതം അടയാളപ്പെടുത്തുമ്പോൾ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ഖേദകരമാണെന്നും അവർ പറഞ്ഞു.
" വി.കെ. ഗുരുക്കളുടെ വിവാഹം 22 - വയസ്സിൽ നടന്നു. വിവാഹജീവിതം ഉദ്ദേശിച്ച വിധം സൗഖ്യമോ സമാധാനമോ ഉളവാക്കിയില്ല. കുറേനാൾ അദ്ദേഹം വലിയ മന:ക്ലേശം അനുഭവിച്ചു.ഒരു ദിവസം സ്വദേശം വിട്ടു. " -അജ്ഞത കൊണ്ടുള്ള ജീവചരിത്രകാരന്മാരുടെ എഴുത്ത് തങ്ങളെ വല്ലാതെ ദുഃഖിപ്പിക്കുന്നുവെന്ന് കൂട്ടത്തിൽ ഒരു പരാമർശം എടുത്തുപറഞ്ഞ് വാഗ്ഭടാനന്ദ പൗത്രി തന്റെ സ്വകാര്യദുഃഖം പങ്കുവച്ചു.ശിഷ്യനായ സ്വാമി ബ്രഹ്മവ്രതനെഴുതിയ "മഹർഷി വാഗ്ഭടാനന്ദ ഗുരുദേവൻ " എം ടി കുമാരൻ മാസ്റ്റർ എഴുതിയ " ശ്രീ വാഗ്ഭടാനന്ദ ഗുരുദേവൻ " കെ.കെ. പവിത്രന്റെ " വാഗ്ഭടാനന്ദൻ ആത്മീയ ഹിമാലയത്തിൽ ", , ടി.രാജന്റെ വാഗ്ഭടാനന്ദൻ, ഉത്തമൻ കാഞ്ഞിലേരിയുടെ വാഗ്ഭടാനന്ദൻ മാനവീകതയുടെ ഗുരു " കാതിയാളം അബുബക്കരുടെ കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുദേവനും എന്നീ പുസ്തകങ്ങളിൽ ആദ്യ ഭാര്യയായ ചീരൂട്ടിയമ്മക്ക് വാഗ്ഭടാനന്ദന്റെ ജീവിതത്തിൽ ഒരു പ്രാധാന്യവും നല്കിയിട്ടില്ലെന്നും അവർ പറഞ്ഞു പക്ഷെ, പാട്യം രാമകൃഷ്ണന്റെ "നവോത്ഥാനാചാര്യൻ വാഗ്ഭടാനന്ദൻ " എന്ന പുസ്തകത്തിൽ ചില പരാമർശങ്ങളുണ്ടെന്നും അവർ സൂചിപ്പിച്ചു.
22ാം വയസിലാണ് വി.കെ. ഗുരുക്കൾ പിതാവായ കോരൻ ഗുരുക്കളുടെ ഹിതമനുസരിച്ച് പാനൂരിനടുത്ത അക്കാനശ്ശേരിയിലെ കർഷക കുടുംബത്തിലെ അണക്കൽ വീട്ടിൽ ചാത്തുവിന്റെ 12 വയസുകാരിയായ മകൾ ചീരൂട്ടിയെ വിവാഹം ചെയ്തത്. ഇവരുടെ പുത്രിയാണ് തന്റെ അമ്മയായ ജാനകി. വാത്സല്യപൂർവം മകളെ വാഗ്ഭടനന്ദൻ ജാനകിക്കുട്ടിയെന്നാണ് വിളിക്കാറ്. കോഴിക്കോട്ട് കഴിയുമ്പോഴും മുത്തശ്ശൻ പലഹാരപ്പൊതിയുമായി കാണാൻ വീട്ടിൽ വരാറുണ്ടെന്ന് അമ്മ പറഞ്ഞ് സുജാത ഓർക്കുന്നു.
സ്വതന്ത്രസമര സേനാനിയും കമ്മ്യുണിസ്റ്റുകാരനുമായ പരേതനായ പത്തലായി കുഞ്ഞിക്കണ്ണൻ ജാനകിക്കുട്ടിയെ വിവാഹം ചെയ്തതും പിതാവിന്റെ സമ്മതതോടെയായിരുന്നു. വാഗ്ഭടാനന്ദ ശിഷ്യൻ കൂടിയായിരുന്നു അദ്ദേഹം.
സുധാകരൻ, സുരേശൻ , സുഗതൻ,സുലേഖ, സുജാത ,പരേതയായ സുധാ ദേവി എന്നിവർ ഈ ദമ്പതികളുടെ മക്കളാണ്.സൗത്ത് പാട്യം യു.പി സ്കൂളിലും കോഴിക്കോട് ബി.ഇ.എം.പി സ്ക്കൂളിലുമാണ് ജാനകിക്കുട്ടി പഠിച്ചത്. വാഗ്ഭടാനന്ദൻ രണ്ടാമത് വിവാഹം ചെയ്ത വാഗ്ദേവിയമ്മ അകാലചരമടഞ്ഞപ്പോൾ മക്കളായ ധർമ്മാശോകൻ, പ്രഭാകരൻ, ഭാരതി , ഹർഷവർദ്ധനൻ ,ഉദയദേവൻ എന്നിവരെ പരിചരിക്കാൻ ചീരുട്ടിയമ്മ കോഴിക്കോട്ട് പോയിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ടെന്നും സുജാത പറയുന്നു. ഗുരുദേവരുടെ ആറു മക്കളും തമ്മിലുണ്ടായ ബന്ധം ആഴമേറിയതാണെന്നും സുജാത പറയുന്നു.
ഗുരുദേവനോട് അത്രയ്ക്ക് സ്നേഹമായിരുന്നു ചീരൂട്ടിയമ്മക്കെന്നാണ് സുജാതയുടെ വാദം. വീട്ടുകാർക്കും നാട്ടുകാർക്കും അവർ ഏറെ പ്രിയങ്കരിയായിരുന്നു. കോഴിക്കോട്ടെത്തിയപ്പോൾ ചിലരുടെ അപവാദ പ്രചരണത്തിൽ ദുഖിതനായ വാഗ്ഭടാന്ദൻ പിതാവ് കോരൻ ഗുരുക്കൾ പറഞ്ഞതനുസരിച്ചാണ് വാഗ്ദേവിയമ്മയെ വിവാഹം ചെയ്യാൻ സമ്മതം മൂളിയതെന്നും സുജാത തുറന്നടിക്കുന്നു.
ചിലർ വാഗ്ദേവിയമ്മയുടെ മക്കളുടെ കൂട്ടത്തിൽ ജാനകി കുട്ടിയെയും പെടുത്തിയിട്ടുണ്ട്. ഏഴു മക്കളുണ്ടന്നും ചിലർഎഴുതി. ജീവചരിത്രമെഴുതുന്നവർ സത്യാവസ്ഥ അന്വഷിക്കാനുള്ള സന്മനസ്സ് കാട്ടേണ്ടതേല്ലേ ? - സുജാതയ്ക്ക് വാഗ് ഭടാനന്ദ ജീവചരിത്രകാരന്മാരോട് ചോദിക്കാനുള്ളത് ഇതാണ്.