കാസർകോട് : വികസന പ്രവൃത്തികൾക്ക് മേൽനോട്ടവും വൻകിട പദ്ധതികളുടെ നിർവ്വഹണവും നിർവഹിക്കേണ്ട എൻജിനിയർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ കാസർകോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിസന്ധി രൂക്ഷം. റോഡ്, കെട്ടിട നിർമ്മാണങ്ങളടക്കമുള്ള പ്രവൃത്തികളാണ് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥന്മാർ ഇല്ലാത്തതുകാരണം നിലച്ചിരിക്കുന്നത്. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതികളുടെ ടെൻഡർ പോലും ഇക്കാരണത്താൽ വൈകുകയാണ്.
വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും അപേക്ഷയുമായി എത്തുന്ന പൊതുജനങ്ങൾക്കാകട്ടെ ഇതുമൂലം ബുദ്ധിമുട്ട് ഏറെയാണ്. എൻജിനിയർമാരുടെ അനുമതി ലഭിക്കാതെ പൊതുജനത്തിന് പ്രവൃത്തി നടത്താൻ കഴിയില്ല. കുമ്പഡാജെ, ബെള്ളൂർ, കാറഡുക്ക, മുളിയാർ, മധൂർ, മൊഗ്രാൽ പുത്തൂർ, പുത്തിഗെ, ചെങ്കള, ദേലമ്പാടി, ചെമ്മനാട്, കള്ളാർ, ബളാൽ, പൈവളികെ, വോർക്കാടി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലാണ് കൂടുതൽ ഒഴിവുകളുള്ളത്. പരപ്പ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളിലും കാസർകോട് നഗരസഭയിലും എൻജിനിയർമാരുടെ ഒഴിവുകളുണ്ട്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് എൻജിനിയർമാർ ഇല്ലാത്ത പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്.
അസിസ്റ്റൻഡ് എൻജിനിയർ-17
ഓവർസിയർ -13
അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ -2
നിയമനത്തിന് പിന്നാലെ സ്ഥലമാറ്റത്തിന് സമ്മർദ്ദം
കാസർകോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കണമെങ്കിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള നിയമനം വാങ്ങി വരുന്നവർക്ക് വിവിധ സമ്മർദ്ദങ്ങളുടെ ഫലമായി സ്ഥലംമാറ്റം നൽകുന്നതാണെന്ന് നേരത്തെ പ്രഭാകരൻ കമ്മിഷൻ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ചില ഉദ്യോഗസ്ഥർ ചുമതലയേറ്റടുത്തതിന് പിന്നാലെ ലീവ് എടുത്ത് നാട്ടിലേക്ക് മടങ്ങുന്നതാണ് പതിവ്.
കാസർകോട് നഗരസഭയിൽ നിയമനം ലഭിച്ച രണ്ട് അസിസ്റ്റൻഡ് എക്‌സിക്യൂട്ടീവ് എൻജിനിയർമാർ ഉടനെ തന്നെ സ്ഥലം മാറ്റം വാങ്ങിച്ചു പോയി. വർക്കലയിൽ നിന്നെത്തിയ ഇരുവരും സ്വന്തം നാടായ തിരുവനന്തപുരത്തേക്കാണ് മാറി പോയത്. ദൂരെയുള്ള ജില്ലകളിൽ നിന്നെത്തുന്ന ഉന്നത ഉദ്യോഗസ്ഥർ കാസർകോട് ജില്ലയിൽ ജോലി ചെയ്യാൻ വിസമ്മതിക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളിൽ എൻജിനിയർമാരുടെ ക്ഷാമത്തിന് പ്രധാനകാരണം.
നഷ്ടം നാട്ടുകാർക്ക് മാത്രം
കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പഞ്ചായത്തുകളിൽ ചിലവഴിക്കേണ്ടിവരുന്നത്. എം എൽ എ ആസ്തിവികസന ഫണ്ട്, അങ്കണവാടികളുടെ നിർമ്മാണം എന്നിവയുടെ കാര്യങ്ങളും നോക്കണം. പദ്ധതികളുടെ എസ്റ്റിമേറ്റ് ഉണ്ടാക്കൽ, ടെൻഡർ നടപടികൾ സ്വീകരിക്കൽ , പദ്ധതി നടപ്പിലാക്കൽ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ എൻജിനിയർമാർക്കാണ്. ഫയൽ പരിശോധന, സൂക്ഷ്മ പരിശോധന, സൈറ്റ് ഇൻസ്‌പെക്ഷൻ തുടങ്ങി കരാറുകാരന് തുക നൽകുന്നത് വരെയുള്ള പ്രോസസിംഗ് എന്നിവയും ഇവർ നിർവഹിക്കണം.
തദ്ദേശ സ്ഥാപനങ്ങളിൽ എൻജിനിയർമാർ ഇല്ലാത്ത വിഷയം ഭരണ നിർവ്വഹണത്തിൽ പ്രധാന തടസം തന്നെയാണ്. പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പദ്ധതി പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സർക്കാരുമായും ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
സിജി മാത്യു ( പ്രസിഡന്റ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് )