palakkunnu

കാസർകോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പരിധിയിലെ വയനാട്ടുകുലവൻ തറവാടുകളിൽ നിന്നുള്ള നൂറിൽ പരം പ്രതിനിധികളുടെ അത്യപൂർവമായ ഒത്തുചേരലിന് ക്ഷേത്ര ഭണ്ഡാര വീട് സാക്ഷ്യമായി. ക്ഷേത്രത്തിൽ ജനകീയ ഭരണ സമ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ് കഴകത്തിലെ തറവാട് പ്രതിനിധികളുടെ മഹാസഭയും സംഗമവും ഭരണ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്നത്. വിഷ്ണുമൂർത്തി പരിപാലന മടക്കം 123 വയനാട്ടുകുലവൻ തറവാടുകളാണ് ക്ഷേത്രത്തിന്റെ കീഴിലുള്ളത്. അവയുടെ നടത്തിപ്പ് അതാത് തറവാട് കമ്മിറ്റികൾക്കാണ്. അവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ക്ഷേത്ര സ്ഥാനികരും ഭരണസമിതി ഭാരവാഹികളും പങ്കെടുത്ത മഹാസഭയും സംഗമവും സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. തറവാടുകളിൽ നടക്കുന്ന വാർഷിക പുത്തരി കൊടുക്കൽ ചടങ്ങിന് നിയുക്തരായ വെളിച്ചപ്പാടന്മാർ അടക്കമുള്ളവർക്ക് നൽകുന്ന ദക്ഷിണയ്ക്ക്, കഴകം നിശ്ചയിച്ച എകീകൃത നിബന്ധനകൾ സഭ അംഗീകരിച്ചു. ഈ വർഷം മുതൽ അത് നടപ്പിലാകും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തറവാടുകളിൽ പുത്തരി കൊടുക്കൽ ചടങ്ങ് നടത്താം. വയനാട്ടുകുലവൻ തറവാടുകളിലെ പരിപാലകർക്ക് പ്രതിമാസ ക്ഷേമാനുകൂല്യ പദ്ധതി സർക്കാർ നടപ്പാക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അദ്ധ്യക്ഷനായി. കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഭാരവാഹികളായ പി.പി. ചന്ദ്രശേഖരൻ, ടി. രാമൻ, കൃഷ്ണൻ പാത്തിക്കാൽ, ടി.കെ. കൃഷ്ണൻ, അച്യുതൻ ആടിയത്ത്, പി.കെ. രാജേന്ദ്രനാഥ്, വിവിധ തറവാടു പ്രതിനിധികളും സംസാരിച്ചു. കൊവിഡ് നിബന്ധനകൾ നിലനിൽക്കുന്നതിനാൽ അടുത്ത വർഷവും വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവങ്ങൾ പാലക്കുന്ന് കഴക പരിധിയിൽ ഉണ്ടാവില്ലെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.