നീലേശ്വരം: രാജാ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹ്യാഘാത പഠന കരട് റിപ്പോർട്ടായി. അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. 1.300 കിലോമീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിനായി 16.72 കോടി രൂപയാണ് നീക്കിവച്ചത്. ദേശീയപാത മുതൽ റെയിൽവേ ഓവർബ്രിഡ്ജ് വരെയുള്ള സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

റോഡിന് ഇരുവശമുള്ള താമസ സ്ഥലം, മതിലുകൾ, പ്രവേശന കവാടം, കടകൾ, വ്യവസായ സംരംഭങ്ങൾ, കാർഷിക സമ്പത്ത്, സർക്കാർ സ്ഥാപനങ്ങൾ, ഒരു ക്ഷേത്ര കവാടത്തോട് ചേർന്ന സ്ഥലവും കെട്ടിടത്തിന്റെ മുൻഭാഗവും, നിലവും പുരയിടവും ഉൾപ്പെട്ടതാണ് നിർദ്ദിഷ്ട പ്രദേശം.

പഠനസംഘം രാജാ റോഡ് വികസനത്തിനായി മറ്റ് പ്ലാനുകളും രൂപകല്പനയും അന്വേഷിച്ചിരുന്നു. നിർദ്ദേശിച്ചിരിക്കുന്ന പദ്ധതിയെ കുറിച്ച് പൊതുവിൽ അഭിപ്രായ ഐക്യം ഉണ്ടെന്ന് മാത്രമല്ല, മറ്റ് ഇതര നിർദ്ദേശങ്ങൾ ഉണ്ടായതുമില്ല. 90 കുടുംബങ്ങളുടെയും, അവരുടെ ആശ്രിതരുടെയും മറ്റ് 10 പ്രസ്ഥാനങ്ങളുടെയും കെട്ടിടം ഉൾപ്പെടെയുള്ള ഭൂമി നഷ്ടമാണ് ഏറ്റെടുക്കലിന്റെ ഏറ്റവും മുഖ്യമായ ആഘാതം. നിർമ്മാണ പ്രവൃത്തികൾ കച്ചവട ഇടപാടുകളെ ബാധിക്കാത്ത തരത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുവാനും കരടിൽ നിർദ്ദേശമുണ്ട്. ഇതിനായുള്ള പൊതുചർച്ച നവംബർ 8 ന് രാവിലെ 11 മണിക്ക് നഗരസഭ അനക്സ് ഹാളിൽ നടക്കും.