ചെറുവത്തൂർ: കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ ധനസഹായത്തോടെ പിലിക്കോട് ജൈവ വൈവിദ്ധ്യ പാർക്ക് ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ. നിർവഹിച്ചു. സംസ്ഥാനത്തെ14 ജില്ലകളിലും ജൈവ വൈവിദ്ധ്യ പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ പാർക്ക് പിലിക്കോട് കാലിക്കടവിൽ ഒരുങ്ങുന്നത്.
കഴിഞ്ഞവർഷത്തെ സംസ്ഥാന ജൈവവൈവിദ്ധ്യ അവാർഡ് നേടിയ പഞ്ചായത്താണ് പിലിക്കോട്. കാലിക്കടവ് മിനി എസ്റ്റേറ്റിനു സമീപം ഹൈവേയുടെ ഓരത്താണ് പാർക്ക് തയ്യാറാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.വി. ചന്ദ്രമതി, മുൻ പ്രസിഡന്റുമാരായ ടി.വി. ഗോവിന്ദൻ, ടി.വി. ശ്രീധരൻ, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ പ്രൊഫ: കെ.ടി. ചന്ദ്രമോഹനൻ, ബി.എം.സി ജില്ല കോ-ഓർഡിനേറ്റർ വി.എസ് നീതു എന്നിവരും സംസാരിച്ചു. വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ സ്വാഗതവും ബി.എം.സി. കൺവീനർ എം. വിനയൻ നന്ദിയും പറഞ്ഞു. മട്ടന്നൂർ പഴശ്ശിയിലെ ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിക്കാണ് 14 ജില്ലകളിലേയും പാർക്കിന്റെ നിർമ്മാണ ചുമതല.