കണ്ണൂർ: പത്തു വർഷമായിട്ടും തറക്കല്ലിൽ നിന്നുയരാത്ത എരമത്തെ സൈബർ പാർക്കിനു പകരം മലബാറിന്റെ വ്യവസായവികസനത്തിനുതകുന്ന വ്യവസായ പാർക്ക് വരും. ഇതിനായി വിശദമായ സാദ്ധ്യതാറിപ്പോർട്ട് നൽകാൻ വ്യവസായവകുപ്പ് സെക്രട്ടറി കണ്ണൂർ ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജരെ ചുമതലപ്പെടുത്തി. കാടുപിടിച്ച് കിടക്കുന്ന സ്ഥലം വ്യവസായവകുപ്പ് ജനറൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സാദ്ധ്യതകൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകാൻ ജനറൽ മാനേജരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യവസായ പാർക്ക് തുടങ്ങാൻ അനുഭാവ പൂർവമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. സ്ഥലത്തിന്റെ ഭൂപ്രകൃതിയും മറ്റും പരിശോധിച്ചശേഷം അവിടേക്ക് അനുയോജ്യമായ വ്യവസായസംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്.
നഗരത്തിൽ നിന്ന് ഏറെ അകലെയുള്ള എരമം-കുറ്റൂർ പഞ്ചായത്തിലെ പുല്ലുപാറയിലാണ് ഐ.ടി പാർക്ക് തുടങ്ങാൻ 2010ൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ മെട്രോ നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് വരാൻ ഐ.ടി കമ്പനികൾ മുഖം തിരിച്ചതോടെയാണ് പദ്ധതി പാതിവഴിയിലായത്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും എയർപോർട്ടിൽ നിന്നും ഏറെ അകലെയുള്ള ഈ സ്ഥലത്ത് ഐ.ടി പാർക്ക് അനുയോജ്യമല്ലെന്ന് ഐ.ടി ഉന്നത സംഘം റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് വ്യവസായവകുപ്പ് ഈ സ്ഥലത്ത് അനുയോജ്യമായ പാർക്ക് തുടങ്ങാൻ തീരുമാനിക്കുന്നത്. വ്യവസായ പാർക്ക് വരുന്നതോടെ കൂടുതൽ പേർക്ക് തൊഴിലവസരവും ലഭിക്കും. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ വ്യവസായ പാർക്ക് സംബന്ധിച്ച് മന്ത്രി പി. രാജീവുമായി രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു.
2010 ലാണ് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമത്ത് സൈബർ പാർക്കിനു വേണ്ടി തറക്കല്ലിട്ടത്. പാർക്ക് നിർമ്മിക്കാനായി മിച്ചഭൂമി ഏറ്റെടുത്തതിൽ നിന്നും 25 ഏക്കർ ഭൂമി കണ്ടെത്തി. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമ പ്രദേശത്താണ് എരമത്തെ സ്ഥലം. ഇവിടെ റോഡ് നിർമിക്കാൻ സ്ഥലം അക്വയർ ചെയ്തു. 25 ഏക്കർ ഭൂമിക്കു ചുറ്റും വലിയ ചുറ്റുമതിലും നിർമ്മിച്ചു. ഏകദേശം ഒരു കോടിയോളം രൂപ പശ്ചാത്തലസൗകര്യങ്ങൾക്ക് വേണ്ടി ചെലവിട്ടപ്പോഴാണ് സ്ഥലം സൈബർ പാർക്കിന് അനുയോജ്യമല്ലെന്ന് അധികൃതർക്ക് ബോദ്ധ്യമായത്. ഇതോടെ ആരും തിരിഞ്ഞു നോക്കാതായി.
ഐ.ടി മിഷന്റെ കീഴിലുള്ള സ്ഥലം തിരിച്ചു കിട്ടാൻ സർക്കാരിനോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ സർക്കാരിന് അനുകൂലമായ സമീപനമാണുള്ളത്. സ്ഥലം കിട്ടുന്നതോടെ തുടർ നടപടികളെ കുറിച്ച് ആലോചിക്കും.
ടി.ഒ. ഗംഗാധരൻ,
ജനറൽ മാനേജർ, ജില്ലാവ്യവസായ കേന്ദ്രം, കണ്ണൂർ