തലശ്ശേരി: കതിരൂർ സർവീസ് സഹകരണ ബാങ്കിന് വീണ്ടും ദേശീയ പുരസ്‌കാരം. കൊവിഡ് കാലത്ത് ഏറ്റവും നല്ല റിലീഫ് പാക്കേജ് നടപ്പിലാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്. മത്സരിച്ച മറ്റു ബാങ്കുകളെ ഏറേ പിന്നിലാക്കിയാണ് രാജ്യത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയതെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ഡി.ജി.എം ഉൾപ്പെട്ട ജൂറി അഭിപ്രായപ്പെട്ടതായി ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് കാലത്ത് അംഗങ്ങൾക്ക് 10,000 രൂപ വീതം പലിശ രഹിത വായ്പ, ആംബുലൻസ് സർവീസ്, മെഡിക്കൽ ലാബ് ആൻഡ് മെഡിക്കൽ സെന്റർ, വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനു പലിശ രഹിത വായ്പ, എസ്.എൽ.എഫ് പദ്ധതി പ്രകാരം അഞ്ച് ശതമാനം പലിശ നിരക്കിൽ അഞ്ചു കോടി രൂപ വായ്പ നൽകി. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് 12.5 ലക്ഷം രൂപ സംഭാവനയും നൽകി, പ്രവർത്തന പരിധിയിലെ മൂന്ന് പഞ്ചായത്തുകൾക്ക് 70 ഓക്സീമീറ്റർ, ഉപഭോക്താക്കൾക്ക് ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കൽ, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കിടക്കകൾ, ബെഡ് ഷീറ്റുകൾ വിതരണം, സാമൂഹിക അടുക്കളയിലേക്ക് സാമ്പത്തിക സഹായം, മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശനിരക്കിൽ വായ്പ, കാർഷിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. കൊവിഡ് കാലഘട്ടത്തിലെ അടച്ചുപൂട്ടലിനു നടുവിലും 2020-21 വർഷം ബാങ്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പ്രവർത്തന ലാഭമുണ്ടാക്കിയ ബാങ്കായി കതിരൂർ സർവീസ് സഹകരണ ബാങ്ക് മാറിയിട്ടുണ്ടെന്ന് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ വ്യക്തമാക്കി. ഡയറക്ടർമാരായ കാട്ട്യത്ത് പ്രകാശൻ, കെ. രാജകുറുപ്പ്, കെ.വി അനീഷ് കുമാർ, സെക്രട്ടറി കെ. അശോകൻ, അസി. സെക്രട്ടറി ഹേമലത പുത്തലത്ത് സുരേഷ് ബാബു എന്നിവരും സംബന്ധിച്ചു.