കാഞ്ഞങ്ങാട്: കൊവിഡ് വാക്‌സിൻ കൊണ്ടുവരാനായി അനുവദിച്ച ശീതീകരിച്ച വാക്‌സിൻ വാഹക വാഹനം (പഫ് ഇൻസുലേറ്റഡ്) വാങ്ങാതെ ആരോഗ്യ വകുപ്പ്. വാഹനം വാങ്ങാനായി സെൻട്രൽ വെയർഹൗസ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് 20 ലക്ഷം അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം വാങ്ങാൻ ജില്ലയിലെ ആരോഗ്യ വകുപ്പിനോ ജില്ലാ ഭരണകൂടത്തിനോ കഴിഞ്ഞിട്ടില്ല. പകരം ഈ ഫണ്ട് വക മാറ്റി ചെലവഴിക്കാൻ കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റി യോഗം അനുമതി നൽകിയതായും വിവരമുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇ. ചന്ദ്രശേഖരൻ എം.എൽ.എയാണ് ശീതീകരിച്ച വാഹനം വാങ്ങാനായി 20 ലക്ഷം രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിപ്പിച്ചത്. 19 ലക്ഷം വാഹനത്തിനും 1 ലക്ഷം റജിസ്‌ട്രേഷൻ നടപടികൾക്കുമാണ് അനുവദിച്ചത്. എന്നാൽ അനുവദിച്ച തുക ഉപയോഗിച്ച് വാഹനം വാങ്ങാൻ ആരോഗ്യ വകുപ്പ് ഇതുവരെ തയാറായിട്ടില്ല. ജില്ലാ ആരോഗ്യ വകുപ്പിന് സ്വന്തമായി പാൻകാർഡ് ഇല്ലാത്തതിനാൽ ജെം ഐഡി വഴി വാഹനം വാങ്ങാൻ കഴിയാത്തതാണ് കാരണമായി പറയുന്നത്.
28 വർഷം പഴക്കമുള്ള വലിയ വാഹനവും ചെറിയൊരു വാഹനവുമാണ് നിലവിൽ വാക്‌സീൻ കൊണ്ടു വരാനായി ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്. ഇതിൽ വലിയ വാഹനം പൂർണമായി ഉപയോഗിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ചെറിയ വാഹനത്തിലാണ് വാക്‌സീൻ കൊണ്ടുവരുന്നത്. ശീതീകരിച്ച വാഹനം ഇല്ലാത്തതിനാൽ ഐസ് ബോക്‌സുകളിൽ ആക്കിയാണ് വാക്‌സീൻ എത്തിക്കുന്നത്. വാക്‌സീന്റെ ആവശ്യകത ഏറെയുണ്ടായ നേരത്താണ് കട്ടപ്പുറത്തുണ്ടായിരുന്ന വലിയ വാഹനത്തെ ശരിയാക്കി നിരത്തിലിറക്കിയത്. വാഹനമില്ലാത്ത പ്രശ്‌നം ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം ഇടപെട്ട് വാഹനം അനുവദിക്കാനുള്ള നടപടി സ്വീകരിച്ചത്.