കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ അനധികൃത കെട്ടിടങ്ങൾക്കും ബങ്കുകൾക്കുമെതിരെ കർശ്ശന നടപടിയെടുക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ഷോപ്പുകളും ബങ്കുകളും അനധികൃതമായി അറ്റകുറ്റപ്പണികൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കി പുനർലേലം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഷോപ്പുകളുടെ മുൻവശം വീതി കൂട്ടി ഷീറ്റ് ഇടുന്നതുൾപ്പെടെയുള്ള രീതി പലയിടത്തും കണ്ടുവരുന്നുണ്ടെന്നും മേയർ പറഞ്ഞു.
അനധികൃത ബങ്കുകൾ പരിശോധിച്ച് റദ്ദ്ചെയ്യാനും യോഗത്തിൽ തീരുമാനമായി. ബങ്കുകൾ കുമിളകൾ പോലെ പൊങ്ങി വരുകയാണെന്നും കോർപ്പറേഷന്റെ ബങ്കുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിന് ഒരു യൂണിഫോമിറ്റി നൽകണമെന്നും യു.ഡി.എഫ് കൗൺസിലർ സയ്യിദ് സിയ്യാദ് തങ്ങൾ പറഞ്ഞു. പ്രസ് ക്ലബ്ബ് റോഡിന് സമീപത്തെ തെരുവുകച്ചവടവും ഇന്നലെ നടന്ന യോഗത്തിൽ ചർച്ച ചെയ്തു. തെരുവു കച്ചവടക്കാരുടെ സംഘടന അവർക്ക് അനുയോജ്യമായ സ്ഥലം നൽകണമെന്ന് ആവശ്യപ്പെട്ട് മേയറെ സമീപിച്ചിരുന്നുവെന്നും എന്നാൽ അനുകൂല നിലപാടുണ്ടായില്ലെന്നും ഇടതുപക്ഷ കൗൺസിലർ എൻ. സുകന്യ പറഞ്ഞു.
പ്രസ് ക്ലബിന് സമീപം കാർ പാർക്ക് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷമായി വിധവകളുടെ മക്കൾക്ക് നൽകുന്ന വിവാഹ ധനസഹായം മുടങ്ങി കിടക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. മേയർ ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, മുസ്ലിഹ് മഠത്തിൽ, ടി. രവീന്ദ്രൻ, എൻ. ഉഷ എന്നിവർ സംസാരിച്ചു.
ഓവർ ബ്രിഡ്ജ് അലൈൻമെന്റ് അശാസ്ത്രീയം
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദ്ദിഷ്ട ഓവർ ബ്രിഡ്ജ് അലൈൻമെന്റ് തീർത്തും അശാസ്ത്രീയമാണെന്നും അതിനാൽ അലൈൻമെന്റ് മാറ്റണമെന്നും യോഗത്തിൽ എം.പി രാജേഷ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുസ്ലിഹ് മഠത്തിൽ പ്രമേയത്തെ പിൻതാങ്ങി. തെക്കിബസാർ മുതൽ ചേമ്പർ ഹാൾ വരെയുള്ള അലൈൻമെന്റ് പള്ളിക്കുന്ന് വനിതാ കോളേജ് മുതൽ കണ്ണോത്തുചാൽ വരെ ആക്കി മാറ്റണമെന്ന് പ്രമേയത്തിൽ പറഞ്ഞു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തളാപ്പ്, താണ തുടങ്ങിയ പ്രദേശങ്ങളെ സ്പർശിക്കാതെയുള്ള മേൽപ്പാത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഫലപ്രദമല്ല. ഈ കാര്യത്തിൽ കോർപറേഷനുമായി ചർച്ചകൾ നടത്തണമെന്നും കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണ-പ്രതിപക്ഷ കൗൺസിലർമാർ പ്രമേയത്തെ പിൻതാങ്ങി.
രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള റോഡിലൂടെ വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പലരും പരാതിയുമായി സമീപിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സ്ട്രീറ്റ് വളണ്ടിയേഴ്സിനെ നിർത്തേണ്ടതുണ്ട്.
പി. ഇന്ദിര, യു.ഡി.എഫ്
പാവപ്പെട്ട തെരുവു കച്ചവടക്കാരോട് കോർപ്പറേഷനെടുക്കുന്ന നടപടി ശരിയല്ല. അവരുടെ സാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കുകയാണ്.
ടി. രവീന്ദ്രൻ, എൽ.ഡി.എഫ്