മിന്നൽ പരിശോധന നടത്തും: ജില്ലാ പഞ്ചായത്ത് പ്രസി.
കണ്ണൂർ: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും അടങ്ങുന്ന സംഘം ജില്ലയിലെ വിദ്യാലയങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. മിക്ക വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ബാക്കിയുള്ളവ അടിയന്തരമായി ശുചീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ശുചീകരണവുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നൽകും. സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപകരെ ഉടൻ നിയമിക്കും. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. നവംബർ 15 നകം സ്‌കൂൾ പി.ടി.എകൾ പുനഃസംഘടിപ്പിക്കണം. വിപുലമായ പ്രവേശനോത്സവം സാധ്യമാകില്ലെങ്കിലും കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.കെ രത്‌ന കുമാരി, വി.കെ സുരേഷ് ബാബു, യു.പി ശോഭ, അഡ്വ. ടി സരള, ജില്ലാപഞ്ചായത്തംഗം സി.പി ഷിജു, അഡീഷണൽ എസ്.പി പ്രിൻസ് എബ്രഹാം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, ഡയറ്റ് പ്രിൻസിപ്പൽ കെ.എം സോമശേഖരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓഡിനേറ്റർ പി.വി. പ്രദീപൻ, എസ്.എസ്.കെ കോ ഓഡിനേറ്റർ ടി.പി അശോകൻ, ഹയർ സെക്കൻഡറി അസി. കോ ഓഡിനേറ്റർ കെ.വി ദീപേഷ്, വി.എച്ച്.എസ്.ഇയെ പ്രതിനിധീകരിച്ച് ടി.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി ഉപയോഗം തടയാൻ പൊലീസിന്റെ സേവനം
പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട വിവിധ നിർദ്ദേശങ്ങൾ പങ്കുവെച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പൊലീസിന്റെ സേവനം ഉറപ്പു വരുത്തുമെന്ന് അഡീഷണൽ എസ്.പി പ്രിൻസ് എബ്രഹാം അറിയിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകൾ ഇല്ലാതാക്കാനുമായി രാവിലെയും വൈകിട്ടും പട്രോളിംഗ് നടത്തും. ജനമൈത്രി പൊലീസിന്റെയും എസ്.പി.സി യുടെയും സേവനം ഉറപ്പു വരുത്തും.