കണ്ണൂർ: കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരോ റെയിൽവേ മന്ത്രാലയമോ യാതൊരു ഉറപ്പും സംസ്ഥാനത്തിന് ഇതുവരെ നൽകിയിട്ടില്ല. എന്നാൽ മുഖ്യമന്ത്രി പറയുന്നത് കെ റെയിൽ തുടങ്ങാൻ ആവശ്യമായ ചില അനുമതികൾ റെയിൽവേ മന്ത്രാലയവും കേന്ദ്രസർക്കാരും നൽകിയിട്ടുണ്ടെന്നാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്.
കെ റെയിൽ വിഷയത്തിൽ കേന്ദ്രസർക്കാരിനെ കൂട്ടുപ്രതിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. നിത്യനിദാനച്ചെലവിന് പോലും കടമെടുക്കുന്ന സംസ്ഥാനത്ത് ഇത്രയും വലിയ കടബാദ്ധ്യതയേറ്റെടുത്ത് നടപ്പാക്കേണ്ട അനിവാര്യമായ പദ്ധതിയാണോ കെ റെയിൽ എന്ന ആശങ്ക മുഖ്യമന്തിയുമായി കേന്ദ്രസർക്കാർ പങ്കുവെച്ചിട്ടുണ്ട്. സത്യമിതായിരിക്കെ കെ റെയിൽ തുടങ്ങാനാവശ്യമായ അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.