ചെറുവത്തൂർ: മണ്ണിൽ കാലുറപ്പിച്ചുനിൽക്കാൻ അനുവദിക്കാതെ വെല്ലുവിളിച്ച വൈകല്യത്തെ അക്ഷരങ്ങളുടെ ചിറകേറി തോൽപ്പിച്ച കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി. സതിയെ തേടി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷിക്കാർക്കുള്ള മികച്ച സർഗ്ഗാത്മക വ്യക്തിത്വത്തിനുള്ള സർഗപ്രതിഭ നാഷണൽ അവാർഡ്.
സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 രോഗം ബാധിച്ച് പേന മുറുകെ പിടിക്കാൻ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിയ ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും ഏറെ ശ്രദ്ധേയമായിരുന്നു. ജന്മനാ രോഗം തളർത്തിയ സതിക്ക് നടക്കാനോ കൈകൾ ശരിയായി ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ല. സ്കൂൾ പഠനം നാലാം ക്ലാസിൽ അവസാനിച്ചതോടെ സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന പിതാവ് സിവിക് കൊടക്കാട് മകളെ പുസ്തകങ്ങളോട് അടുപ്പിക്കുകയായിരുന്നു.
മുറിയുടെ നാലു ചുവരിനുള്ളിൽ ഒതുങ്ങിയ സതി വായനയിലൂടെ ഏഴുകടലും കടന്നു. ബാലകൈരളി വായനശാലയിലെ മൂവായിരത്തോളം പുസ്തകങ്ങൾ വായിച്ചുതീർത്ത് അവയ്ക്കെല്ലാം ആസ്വാദനക്കുറിപ്പ് തയാറാക്കി അച്ഛനെ അത്ഭുതപ്പെടുത്തുകയായിരുന്നു ഈ മകൾ. എഴുത്തിനോടുള്ള അവളുടെ ആവേശം കണ്ടറിഞ്ഞ അച്ഛനാണ് എഴുതാൻ പ്രേരിപ്പിച്ചത്.
2008 - 2013 കാലത്ത് മൂന്നാം ക്ലാസിലെ മലയാളം - കന്നട പാഠാവലിയിൽ സതിയെ കുറിച്ചുള്ള പാഠം 'വായിച്ച് വായിച്ച് വേദന മറന്ന്' എന്ന പേരിൽ ഉൾപ്പെടുത്തിയിരുന്നു. സതിയെക്കുറിച്ച് അറിഞ്ഞ മലപ്പുറം സ്വദേശി ഷുക്കൂറാണ് കഥകൾ പുസ്തകമാക്കിയത്. കരിവെള്ളൂർ ആദി മുച്ചിലോട്ടുകാവിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘തിരുമംഗല്യം എന്ന സി.ഡിയിൽ സതി എഴുതിയ ഗാനം ഉൾപ്പെടുത്തിയിരുന്നു. ഇത് പെരുങ്കളിയാട്ട വേദിയിൽ ഗായിക കെ.എസ്. ചിത്ര ആലപിച്ചത് നിറകണ്ണുകളോടെയാണ് സതി കണ്ടിരുന്നത്.
ഇതിനിടെ അവശതകൾ വർദ്ധിച്ച് എല്ലാറ്റിനും പരസഹായം കൂടിയേ തീരുവെന്ന സ്ഥിതിയിലായി. പേന പിടിക്കാൻ വിരലുകൾ വഴങ്ങാതായപ്പോൾ എഴുത്ത് സ്മാർട്ട് ഫോണിലായി. താങ്ങായി നിന്ന പിതാവിന്റെ മരണം മറ്റൊരു ദുരന്തമായി . അമ്മ പാട്ടിയും സഹോദരന്മാരായ മുരളീധരനും സുരേന്ദ്രനും സഹോദരി രജിതയും പൂർണപിന്തുണയുമായി കൂടെ നിന്നതിനാൽ പിടിച്ചുനിന്നു. ആത്മസുഹൃത്തുക്കൾ ചേർന്ന് നൽകിയ ഇലക്ട്രിക് വീൽചെയറിൽ കാലങ്ങൾക്ക് ശേഷം സതി പുറംലോകം കണ്ടു.
ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കു വേണ്ടി പയ്യന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ വിത്തൗട്ട് വിംഗ്സ് എന്ന സംഘടനയിലെ സജീവപ്രവർത്തകയാണിപ്പോൾ സതി. അക്ഷരങ്ങളും സൗഹൃദങ്ങളും കൂടെയുള്ളപ്പോൾ എന്തിനെ ചൊല്ലിയാണ് വേദനിക്കേണ്ടതെന്ന സതിയുടെ ആത്മവിശ്വാസത്തെ തേടിയാണ് കേന്ദ്രപുരസ്കാരം എത്തിയിരിക്കുന്നത്. 2020ലെ വിരൽ സാഹിത്യവേദി കഥാപുരസ്കാരവും സതിക്ക് ലഭിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് ഡൽഹിയിൽ വച്ച് സതിക്ക് പുരസ്കാരം സമ്മാനിക്കും.