teyyam

ചെറുവത്തൂർ(കാസർകോട്)​ : വടക്കെമലബാറിൽ കൊവിഡിനെ തുടർന്ന് രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന കളിയാട്ടങ്ങൾക്ക് ഉപാധികളോടെയെങ്കിലും അനുമതി ലഭിച്ചതോടെ ആചാരവിധിയനുസരിച്ച് തുലാപ്പത്തോടെ തുടക്കമാകും. തുലാപ്പത്തോടെ ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടവമാസത്തിൽ വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി താഴ്ത്തുന്നതോടെയാണ് സമാപനം കുറിക്കുന്നത്.

കൊവിഡ് കാരണം ഉത്തരമലബാറിലെ വിശ്വാസസമൂഹത്തിന് രണ്ടുകളിയാട്ടക്കാലമാണ് നഷ്ടമായത്. കൊവിഡ് രൂക്ഷമല്ലാതിരുന്ന ആദ്യഘട്ടത്തിൽ ചുരുക്കം ചിലയിടങ്ങളിൽ തെയ്യം കെട്ട് നടന്നത് മാത്രമാണ് ഇതിന് അപവാദം. മുത്തപ്പൻ തിറ ഒഴികെ മറ്റൊരു തെയ്യവും കളരിവാതുക്കൽ തിരുമുടി താഴുന്നതിനും തുലാപ്പത്തിനുമിടയിൽ കെട്ടിയാടാറില്ല. ലോക്ക് ഡൗൺ ഇളവ് നൽകിയതോടെ കളിയാട്ടങ്ങൾ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തീയസമുദായത്തിന്റെ പ്രധാന കഴകമായ ചെറുവത്തൂർ നെല്ലിക്കാത്തുരുത്തി നിലമംഗലത്ത് ഭഗവതിക്ഷേത്ര കേന്ദ്രകമ്മിറ്റിയടക്കം കാസർകോട് ജില്ലാകളക്ടറെ സമീപിച്ചിരുന്നു. വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴകത്തിന് കീഴിൽ തുലാമാസം ആദ്യം നടക്കുന്ന ചില ഒറ്റക്കോലങ്ങൾക്കും( തീക്കോലം)​ തുലാപ്പത്തിന് ശേഷം തെയ്യം കെട്ടിന് തുടക്കമാകുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനും കളക്ടർ അനുമതി നൽകുകയായിരുന്നു.

മുടങ്ങിയ അനുഷ്ഠാന കർമ്മങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചതോടെ വിശ്വാസിസമൂഹം പത്താമുദയത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി തെയ്യംകെട്ടുള്ള ക്ഷേത്രങ്ങളിലും കഴകങ്ങളിലും തറാവാട്ടുകളിലും പുത്തരി അടിയന്തിരം നടക്കും. തൃക്കരിപ്പൂർ തടിയൻ കൊവ്വൽ കാലിച്ചാൻ ദേവസ്ഥാനത്ത് നാളെ കാലിച്ചാൻ ദൈവം കെട്ടിയാടും. പേക്കടം കുറുവാപ്പള്ളി അറയിൽ നവംബർ 3 മുതൽ 6വരെയായി കളിയാട്ടം നിശ്ചയിച്ചു കഴിഞ്ഞു.

തെയ്യംകെട്ടിനെയും അനുബന്ധ അനുഷ്ഠാന ചടങ്ങുകളെയും അശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് തെയ്യകോലധാരികളും ആചാരസ്ഥാനീയരും നാളുകളായി കടുത്ത പ്രതിസന്ധിയെ നേരിടുകയായിരുന്നു.