കണ്ണൂർ: കണ്ണൂരിലെ രണ്ട് സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ. മേലേചൊവ്വ സ്വദേശി മഞ്ചേരി മുള്ളൻപാറയിലെ കെ. റിജേഷ് (40), കക്കാട് എസ്.ബി.ഐ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നിതീഷ് വിശ്വനാഥൻ (44) എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വ, എളയാവൂർ സർവീസ് സഹകരണ ബാങ്കുകളിലാണ് മുക്കുപണ്ടം പണയം വെച്ച് 1.80 ലക്ഷം രൂപ തട്ടിയത്.
കണ്ണോത്തുംചാൽ ശാഖയിൽ സമാനരീതിയിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ റിജേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം റിജേഷിനെ ബാങ്ക് ശാഖയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. റിജേഷിനെ ചോദ്യം ചെയ്തപ്പോഴാണ് നിതീഷിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നിതീഷിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി ബാങ്കുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ബാങ്കുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ പണം തട്ടുന്ന സംഘങ്ങൾ കൂടുവരുന്നതായി പൊലീസ് പറഞ്ഞു. ഏജന്റുമാരെ നിർത്തിയാണ് തട്ടിപ്പ് നടക്കുന്നത്. സ്വർണമെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുക്കുപണ്ടങ്ങൾ ഏജന്റുമാരുടെ കയ്യിൽ കൊടുത്ത് വിട്ട് ബാങ്കിലും പണയമെടുക്കുന്ന മറ്റ് സ്ഥാപനങ്ങളിലും പണയം വെപ്പിക്കും. ഒരു തുകയും പറഞ്ഞേൽപിച്ചിട്ടുണ്ടാകും. വിശ്വാസയോഗ്യമാക്കുന്ന തരത്തിൽ ബാങ്ക് ജീവനക്കാരെ പറഞ്ഞ് പറ്റിച്ച് ഇവർ പണം തട്ടിയെടുക്കും. പറഞ്ഞേൽപിച്ച തുകയുമായി വരുന്ന ഏജന്റിന് അതിൽ നിന്ന് ഒരു വിഹിതം കമ്മിഷൻ നൽകും. ബാക്കി തുകയുമായി ഇവർ മുങ്ങാറാണ് പതിവ്.