കാഞ്ഞങ്ങാട്: വാഹനാപകട കേസിൽ ഭാര്യയ്ക്ക് ഭർത്താവ് നഷ്ടപരിഹാരം നൽകണം. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ ബി.കെ ഹരിഹരനാണ് (42) ഭാര്യ നിമിഷയ്ക്ക് (30) 4000രൂപ നഷ്ടപരിഹാരം നൽകേണ്ടത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതിനു പുറമെ ഹരിഹരൻ 1000 രൂപ പിഴയും അടയ്ക്കണം. ഒപ്പം കോടതി പിരിയുംവരെ തടവും. ഈ വർഷം മേയ് ആറിന് പുലർച്ചെയാണ് അപകടം. ഹരിഹരനും നിമിഷയും ബൈക്കിൽ മരണവീട്ടിൽ പോയി തിരിച്ചുവരും വഴി പുല്ലൂർ കേളോത്ത് ബൈക്കിൽ നിന്ന് നിമിഷ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് സഡ്ഡൻ ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം. നിമിഷയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. യുവതിയുടെ പരാതിയിൽ അമ്പലത്തറ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.