കണ്ണൂർ: സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിൽ സമൃദ്ധി വായ്പാ മഹോത്സവം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് നിർദ്ദേശപ്രകാരമാണ് ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വായ്പാ മഹോത്സവം സംഘടിപ്പിച്ചത്. സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴിയൊരുക്കുകയാണെന്നും ബാങ്കുകളും ഗുണഭോക്താക്കളും തമ്മിൽ നല്ല ബന്ധങ്ങൾ തുടരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
'ബാങ്കുകൾ ജനങ്ങളിലേക്ക്' എന്ന സന്ദേശത്തോടെ ബാങ്കുകളുടെ വായ്പാ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കുകയാണ് മേളയിലൂടെ. ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി കൺവീനറും കാനറാ ബാങ്ക് സർക്കിൾ മേധാവിയുമായ എസ്. പ്രേംകുമാർ അദ്ധ്യക്ഷനായി. കാനറ ബാങ്ക് കണ്ണൂർ നോർത്ത് റീജിയണൽ ഓഫീസ് എ.ജി.എം ആർ.സുന്ദര മൂർത്തി, നബാർഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജർ ജിഷിമോൻ രാജൻ, ലീഡ് ബാങ്ക് ജില്ലാ മാനേജർ പി. ഫ്രോണി ജോൺ, ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
3600 വായ്പ, അനുവദിച്ചത് 162 കോടി
സമൃദ്ധി വായ്പാ മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ ബാങ്കുകൾ 3600 വായ്പകളിലായി 162 കോടി രൂപ അനുവദിച്ചു. ജില്ലയിലെ ദേശസാൽകൃത- സ്വകാര്യ -ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീണ ബാങ്ക് ഉൾപ്പെടെ 20ഓളം ബാങ്കുകളുടെ സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയത്. വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് ഒരു വേദിയിൽ പൊതുജനങ്ങൾക്ക് അറിയാനുള്ള അവസരം ഇതുവഴി ലഭിച്ചു.