പാനൂർ: വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാനൂർ ടൗണിലെ ഗതാഗത കുരുക്കഴിക്കാൻ രൂപരേഖ തയ്യാറായി. ഇതനുസരിച്ചുള്ള ഗതാഗത ക്രമീകരണം ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പാനൂർ ടൗണിലുള്ള ടാക്സി സ്റ്റാൻഡ് പഴയ വില്ലേജ് പരിസരത്തേക്ക് മാറ്റും. ഇതിന്റെ ഇരുവശങ്ങളിലായി ഇരുചക്ര വാഹനങ്ങൾ, ടെമ്പോ പാർക്ക് ചെയ്യാം. പുത്തൂർ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ നഗരസഭ കാര്യലയത്തിന്റെ മുന്നിലേക്ക് മാറ്റും. കൂത്തുപറമ്പ് റോഡിൽ നിലവിൽ ടാക്സി പാർക്ക് ചെയ്യുന്ന സ്ഥലത്തും ചമ്പാട് റോഡിൽ ഒരു വശത്തും ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാം. പഴയ വൈദ്യുതി ഓഫീസ് പരിസരത്ത് സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുണ്ടാക്കും. പൂക്കോം ഭാഗത്തെ റോഡിൽ ഓട്ടോ സ്റ്റാൻഡ് നിലനിർത്തും. അതിനു തെക്കുഭാഗത്തായി ഇരുചക്ര വാഹനങ്ങൾക്കും നാലോ അഞ്ചോ കാറുകൾക്കും പാർക്കു ചെയ്യാം.
ബസ് സ്റ്റാൻഡിലെ ടവർ ക്ലോക്കിന് അരികിലും റോഡിൽ ഏതാനും കാറുകൾ നിർത്തിയിടാം. ചമ്പാട് റോഡിൽ ചരക്കു വാഹനങ്ങൾ കാലത്ത് എട്ടിനും പത്തിനുമിടയിലും വൈകുന്നേരം മൂന്നിനും അഞ്ചിനുമിടയിലും നിർത്തിയിടരുത്. ടൗണിൽ പാർക്കിംഗ് നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും. ബസ് സ്റ്റാൻഡ് ബൈപാസ്, മൊകേരി വള്ളങ്ങാട് റോഡ് റിംഗ് റോഡായി ഉപയോഗിക്കും. വ്യാപാര ഭവനിൽ ചേർന്ന രാഷ്ട്രീയ പാർട്ടി, തൊഴിലാളി സംഘടന വ്യാപാര വ്യവസായ സംഘടന പ്രതിനിധികളുടെ യോഗം പാനൂർ സ്റ്റേഷൻ പി.ആർ.ഒ എസ്.ഐ പി. ദേവദാസ് അവതരിപ്പിച്ച രൂപരേഖക്ക് അംഗീകാരം നല്കി.
കെ.പി മോഹനൻ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുള്ള ടൗൺ ജംഗ്‌ഷനിൽ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റ് ഇതിനുമുമ്പ് പ്രവർത്തനക്ഷമമാക്കും. നഗരസഭ ചെയർമാൻ വി നാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർ പേഴ്സൺ പ്രീത അശോക്, പ്രിൻസിപ്പൽ എസ്.ഐ സി.സി ലതീഷ്, വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി
ഹാഷിം, ഉമൈസ തിരുവമ്പാടി, ടി.കെ ഹനീഫ, അസി.എൻജിനിയർ എം. രാജൻ സംബന്ധിച്ചു.