തളിപ്പറമ്പ്: 50 വർഷമായി താലൂക്ക് ഓഫീസ് കോംപൗണ്ടിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് ഇനി ഓർമ്മ. തളിപ്പറമ്പ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസാണ് ഇല്ലാതാകുന്നത്. ഈ കെട്ടിടത്തിൽ ഇനി താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനം തുടങ്ങും. ഇതിനായി കെട്ടിടം തിരികെ റവന്യൂ വകുപ്പിന് നല്കി ജില്ല പൊലീസ് മേധാവി ഉത്തരവായി.
1910ൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത താലൂക്ക് ഓഫീസ് കെട്ടിടത്തിലാണ് ഇതുവരെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നത്. നേരത്തെ സബ് ജയിലും പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. തടവുകാരെ പാർപ്പിക്കാനുള്ള ചെറിയ സെല്ലുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഓർമ്മയാകുന്ന സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇത്തരം രണ്ട് സെല്ലുകളിലാണ്. 2003 ൽ പൊലീസ് സ്റ്റേഷൻ കോടതി റോഡിലെ കെട്ടിടത്തിലേക്ക് മാറിയിട്ടും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് ഇവിടെ പ്രവർത്തിച്ചു വരികയായിരുന്നു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 2021 ജൂണിലെ സർക്കാർ ഉത്തരവ് അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിൽ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ആരംഭിക്കുന്നത്. താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് ലക്ഷ്യം. വീഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തും.