കാഞ്ഞങ്ങാട്: നഗരത്തിലെ ജുവലറിയിൽ സ്വർണ്ണം വാങ്ങാനെത്തിയ യുവതി നാലരപ്പവൻ സ്വർണാഭരണവുമായി മുങ്ങി. ബസ് സ്റ്റാൻഡിനകത്ത് പ്രവർത്തിക്കുന്ന കണ്ണേഴുത്ത് ജുവലറിയിലാണ് സംഭവം. പാദസ്സരം വാങ്ങാനെത്തിയ 45 പ്രായം തോന്നിക്കുന്ന സ്ത്രീയാണ് ആഭരണവുമായി മുങ്ങിയത്. മകൾ ആശുപത്രിയിലാണെന്നും പാദസരം നോക്കാനാണ് വന്നതെന്നും ജുവലറി ജീവനക്കാരോട് യുവതി പറഞ്ഞു. മകൾക്ക് ആശുപത്രിയിൽ സ്‌കാനിംഗ് നടക്കുകയാണ്. ഇത് കഴിഞ്ഞ് മകളെ കൂട്ടി വന്ന് പാദസരം വാങ്ങാമെന്ന് പറഞ്ഞ് സ്ത്രീ മടങ്ങുകയായിരുന്നു. വൈകീട്ട് കട പൂട്ടുന്നതിന് മുമ്പ് ആഭരണങ്ങളുടെ കണക്കെടുക്കുന്നതിനിടെയാണ് നാലരപ്പവന്റെ സ്വർണ് പാദസ്സരം കാണാനില്ലെന്നറിഞ്ഞത്. തുടർന്ന് സിസി ടിവി കാമറ പരിശോധിച്ചപ്പോൾ അതിവിദഗ്ധമായി പാദസരം കൈക്കലാക്കുന്ന ദൃശ്യം ലഭിച്ചു. ഉയരം കൂടിയ യുവതി മാസ്‌ക് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനായിട്ടില്ല. ജുവലറിയുടമ അജയ് ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. എസ്‌.ഐ കെ.പി. സതീഷ് പരിശോധന നടത്തി.