തലശ്ശേരി: അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി സ്മാരകമായി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഡയാലിസിസ് പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ജനങ്ങൾക്ക് ജാതി-മത ഭേദമന്യേ സഹായമാകുന്ന സംരംഭമാണിത്.
30ന് തലശ്ശേരിയിൽവച്ച് നടത്തപ്പെടുന്ന ജൂബിലി ആഘോഷവേളയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
തലശ്ശേരി അതിരൂപതയിൽ എയ്ഞ്ചൽ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അറിയിച്ചു. കരുവഞ്ചാലിലുള്ള സെന്റ് ജോസഫ് ആശുപത്രിയോട് അനുബന്ധിച്ചാണ് ഡയാലിസിസ് സെന്റർ ആരംഭിക്കുന്നത്.