skill-park
ഉദ്ഘാടനത്തിനായി ഒരുങ്ങിയ പാലയാട്ടെ കമ്യൂണിറ്റി സ്‌കിൽ പാർക്ക്

തലശ്ശേരി: ജില്ലയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രവേശനം ലഭ്യമാവുന്ന മുഖ്യതൊഴിൽ പരിശീലന കേന്ദ്രം (അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്) പാലയാട്ട് ഒരുങ്ങി. അഭ്യസ്തവിദ്യരായ യുവാക്കളിലും വിദ്യാർത്ഥികളിലും തൊഴിൽ നൈപുണ്യം വളർത്താനുള്ള സർക്കാർ പദ്ധതിയായ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം രണ്ടാം ഘട്ടത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കെട്ടിടമാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലയാട് ഡയറ്റ് ക്യാമ്പസിന് സമീപം പൂർത്തിയായത്.
മൂന്ന് നിലകളിലായി 32000 ചതുരശ്രഅടി വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം പണി തീർത്തിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 98.82 സെന്റ് ഭൂമിയിലാണ് സ്‌കിൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. നൂതനമായ പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം.
ദേശീയ അന്തർദേശീയ അംഗീകാരമുള്ള കോഴ്സുകളിൽ ഇവിടെ പരിശീലനം നൽകും. സ്‌കിൽ പാർക്കിന്റെ നടത്തിപ്പു ചുമതല ഓപ്പറേറ്റിംഗ് പാർട്ണറായ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്. പഠിതാക്കൾക്കായി എല്ലാ നിലകളിലും ലോക്കർ സൗകര്യമുള്ള വസ്ത്രം മാറാനുള്ള മുറികളും ടോയ് ലെറ്റ് സൗകര്യവും, മീറ്റിംഗ് മുറികൾ, ലൈബ്രറി, മീറ്റിംഗ് നടത്താൻ സൗകര്യ പ്രദമായ പ്ലാസ ഏരിയ, ഡൈനിംഗ് ഏരിയ, ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, സ്റ്റോറേജ് റൂം, നാപ്കിൻ വെൻഡിംഗ് മെഷിൻ, നാപ്കിൻ ഇൻസിനേറ്റർ, പ്രത്യേക സെർവർ റൂമോട് കൂടിയ ഐടി ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള ടോയ് ലെറ്റ് സൗകര്യം എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

പൊതുസമൂഹത്തെയും

ബന്ധിപ്പിക്കും

66,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ലഭ്യമാണ്. പൊതുസമൂഹത്തെ സ്‌കിൽ പാർക്കുമായി ബന്ധിപ്പിക്കുന്നതിനായി അസാപ്പിന്റെ ഒരു യൂണിറ്റും പാർക്കിൽ പ്രവർത്തിക്കും. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലും അതുമൂലം തൊഴിൽ വ്യവസായ മേഖലകളിലും വലിയ മാറ്റമാണ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ വഴി ലക്ഷ്യമിട്ടിരിക്കുന്നത്. പ്രദേശത്തുള്ള രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളെ ഓരോ വർഷവും പരിശീലിപ്പിക്കുന്നതിനാണ് അസാപ്പ് ലക്ഷ്യമിടുന്നത്.