തലശ്ശേരി: മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനോടുള്ള ആദരസൂചകമായി ന്യൂ മാഹിയിൽ മയ്യഴിപുഴയോരത്ത് നിർമ്മിച്ച ഉദ്യാനം സഞ്ചാരികൾക്കായി രണ്ടാഴ്ചക്കുള്ളിൽ തുറന്ന് നൽകും.പെരിങ്ങാടി ഭാഗത്താണ് ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപ ചിലവിൽ കുട്ടികൾക്കും വയോജനങ്ങൾക്കും വേണ്ടി അതി മനോഹരവും നൂതനവുമായ ഉദ്യാന വിനോദകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
കുട്ടികളെയും വയോജനങ്ങളെയും ഒരെ പോലെ ആകർഷിക്കുന്ന തരത്തിലാണ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്. കേരളീയ മാതൃകയിൽ മെയിൻ റോഡിലെ കമനീയമായ കവാടം തന്നെ ഏറെ ആകർഷകമാണ്. ഇവിടെ ഉണ്ടായിരുന്ന മരങ്ങളെയെല്ലാം നിലനിർത്തി പലതരത്തിലുള്ള ഇരിപ്പിടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മിനി അമ്യൂസ്‌മെന്റ് പാർക്കിലുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്. കമനീയമായ അലങ്കാരവിളക്കുകൾ രാത്രികാലങ്ങളിൽ പുഴയിൽ പ്രതിബിംബിക്കുന്ന മനോഹരമായ കാഴ്ചകളും പാർക്കിലുണ്ട്. കേരളീയ വാസ്തു കലയുടെ മനോഹാരിത തുടിച്ചു നിൽക്കുന്ന ഓപ്പൺ എയർ സ്റ്റേജും മൂന്ന് പവലിയനുകളും വിശാലമായ കുളവും ഏറെ ആകർഷണീയതയുള്ളതാണ്.വേലിയേറ്റവും വേലിയിറക്കവും അനുഭവവേദ്യമാകുന്ന തരത്തിലാണ് ഇതിന്റെ ജലവിതാനം. പുൽമേടുകളും പൂന്തോട്ടങ്ങളും പാർക്കിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതാണ്.
ജല കേളീ വിനോദ പരിപാടികളും ഇവിടെയുണ്ട്. ബോട്ട് ജെട്ടിയും ഇതിനായി ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശില്പി ബാലൻ താനൂരാണ് ഉദ്യാനത്തിന്റെ രൂപകൽപനയും നിർമ്മാണ മേൽനോട്ടവും നിർവഹിച്ചത്.കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഉദ്യാനം അടച്ചിട്ടത്. മയ്യഴിയുടെ ടൂറിസം വികസനത്തിനും ഇതോടെ വഴി തെളിയുകയാണ്.മറുകരയായ മയ്യഴിയിൽ മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ മാഹി പാലവും, മൂപ്പൻ കുന്നും, തുറമുഖവും കടന്ന് പുലിമുട്ടിലൂടെ മൂന്ന് കി.മി.ദൂരത്തിൽ പുഴയോര നടപ്പാത യാഥാർത്ഥ്യമായി വരികയാണ്.
മാഹി പാലം ജംഗ്ഷൻ തൊട്ട് മലയാള കലാഗ്രാമം വരെയുള്ള പുഴയോരം വീതി കൂട്ടി, സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമൊരുക്കുന്നുണ്ട്.