കാസർകോട്: കേരള ഗ്രാമീൺ ബാങ്കിൽ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അപ്രൈസറും ഭാര്യയും അടക്കം ആറു പേർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. കോളിച്ചാലിൽ പ്രവർത്തിക്കുന്ന ബാങ്ക് പനത്തടി ശാഖയിൽ സ്വർണപണയ തട്ടിപ്പ് നടത്തിയെന്നതിനാണ് അപ്രൈസർ ബാലകൃഷ്ണൻ, ഭാര്യ സന്ധ്യ, ബാലകൃഷ്ണന്റെ സുഹൃത്തുക്കളായ രാജൻ, ബിജോയ് കുര്യൻ, സുകുമാരൻ, രതീഷ് എന്നിവർക്കെതിരെ കേസെടുത്തത്. രാജപുരം ഇൻസ്‌പെക്ടർ വി. ഉണ്ണികൃഷ്ണൻ ആണ് കേസ് അന്വേഷിക്കുന്നത്.

അപ്രൈസർ കോളിച്ചാൽ എരിഞ്ഞിലടുക്കം സ്വദേശിയായ ബാലകൃഷ്ണന്റെ നിർദേശ പ്രകാരം ഭാര്യയും മറ്റുപ്രതികളും ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്. 2020 നവംബർ ഒന്ന് മുതലാണ് ബാലകൃഷ്ണന്റെ സഹായത്തോടെ ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് പറയുന്നത്. 2,10,500 രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് ബാങ്ക് മാനേജർ രാജൻ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് വ്യാജസ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിൽ നടന്നിട്ടുള്ളതെന്ന ആരോപണവുമുണ്ട്. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ മിക്ക പണയ പണ്ടങ്ങളും തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് വിവരം. സ്വർണം പണയം വെക്കാനും പലിശയടച്ച് വായ്പ പുതുക്കാനും എത്തുന്ന പരിചയക്കാരെ കെണിയിൽ പെടുത്തിയും ബാലകൃഷ്ണൻ പണം തട്ടിയെടുത്തതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ബാലകൃഷ്ണന്റെ ഭാര്യ ബാങ്കിൽ സ്വർണം പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ എടുക്കാനെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ ബാലകൃഷ്ണനോട് ബാങ്ക് മാനേജർ രാജി എഴുതിവാങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ബാലകൃഷ്ണനും കുടുംബവും നാട്ടിൽനിന്ന് മുങ്ങിയിരിക്കുകയാണെന്ന് പറയുന്നു.