കണ്ണൂർ: നാലുമാസത്തിനുള്ളിൽ കണ്ണൂരിനെ ഡിസ്‌പോസിബിൾ പ്ലാസ്റ്റിക് മുക്തമാക്കാൻ ജില്ലാ ഹരിത കേരള മിഷൻ പദ്ധതി. കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ കർമ്മ പദ്ധതി രൂപീകരാൻ ഇന്നലെ യോഗം ചേർന്നു. സ്‌കൂൾ, കുടുംബശ്രീ, അയൽക്കൂട്ടം എന്നിവ കേന്ദ്രീകരിച്ച് ബദൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പയിൻ നടത്താനാണ് യോഗത്തിന്റെ തീരുമാനം.
ബദൽ ഉൽപ്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി വ്യാപാരി സംഘടനയുടെ ഭാരവാഹികൾ, പേപ്പർ ബാഗ്, തുണി സഞ്ചി തുടങ്ങിയ ബദൽ ഉൽപ്പന്ന നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കും. ജില്ലയിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ കുടുംബശ്രീ വ്യാപാരസംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ബദൽ ഉല്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കും. പ്രധാന കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കും.
പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച കർശന മുന്നറിയിപ്പു നൽകുന്നതിനും ഡിസ്‌പോസിബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വ്യാപാര വിൽപന ശാലകളിൽ അടിയന്തിര റെയ്ഡുകൾ നടത്താനും യോഗത്തിൽ തീരുമാനമായി. ഇതിനായി ജില്ലാ തല ടീമുകൾ രൂപീകരിക്കും. ഡിസംബറോടെ നിയമ നടപടികൾ കർശനമാക്കും.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, എഡിസി പി എം രാജീവ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
നടപടികൾ ഇങ്ങനെ
പദ്ധതി വിജയിപ്പിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കളക്ടേഴ്സ് ട്രോഫി
ബദൽ ഉല്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തും
വ്യാപാരികളുടേയും ബദൽ ഉത്പന്ന നിർമ്മാതാക്കളുടേയും യോഗം
ഡിസംബറോടെ നിയമനടപടികൾ കർശനമാക്കും