കണ്ണൂർ: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ നിർമ്മിക്കുന്ന പ്രീമിയം റിസോർട്ടിന്റെ തറക്കല്ലിടൽ 30ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 39 കോടി രൂപ ചെലവിൽ 3.96 ഏക്കറിലായി എട്ട് സ്യൂട്ടുകൾ ഉൾപ്പെടെ 40 മുറികളും നീന്തൽ കുളവും സ്പായും റസ്റ്റോറന്റ് സൗകര്യങ്ങളുമുള്ള ഫൈവ് സ്റ്റാർ റിസോർട്ടുകളുമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക.

ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി പ്രദേശത്തോട് ചേർന്ന 2.5 ഏക്കറോളം സ്ഥലം ഏറ്റെടുക്കൽ പരിപാടി തുടങ്ങി കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ കൺവെൻഷൻ സെന്ററടക്കമുള്ള സംവിധാനങ്ങളും ഒരുക്കും. മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷനായും അഡ്വഞ്ചർ ടൂറിസം ഡസ്റ്റിനേഷനായും വികസിപ്പിച്ചെടുക്കുകയാണ് കെ.ടി.ഡി.സിയുടെ ഉദ്ദേശമെന്ന് കെ.ടി.ഡി.സി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 30 ന് രാവിലെ 10 ന് കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ നിർവഹിക്കും. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻ‌ഡ് കാറ്ററിംഗ് സയൻസ് കോഴ്‌സാണ് ആരംഭിക്കുന്നത്. വാർത്താസമ്മേളനത്തിൽ കെ.ടി.ഡി.സി റീജണൽ മാനേജർ എം.എസ്. പ്രദീപ്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത എന്നിവർ സംബന്ധിച്ചു.