meen

നീലേശ്വരം: തെക്കൻ ജില്ലകളിൽ നിരോധിച്ച തെങ്ങിൻ കുലച്ചിൽ ഉപയോഗിച്ചുള്ള മീൻപിടിത്തം മത്സ്യസമ്പത്തിനും മത്സ്യതൊഴിലാളികൾക്കും പരിസ്ഥിതിയ്ക്കും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. മലബാറിൽ തമ്പടിച്ച കുലച്ചിൽ മീൻപിടിത്തക്കാർ ലോഡുകണക്കിന് പ്ളാസ്റ്റിക്ക് കുപ്പികളും തെങ്ങിൻകുലച്ചിലും പ്ളാസ്റ്റിക്ക് ചാക്കുകളുമാണ് കടലിൽ ഉപയോഗത്തിന് ശേഷം തള്ളുന്നത്.

തൃക്കരിപ്പൂർ മാവിലാക്കടപ്പുറം,​ ചെമ്പന്റെ മാട് ദ്വീപ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാത്രം 90 ഓളം തോണികളാണ് കുലച്ചിൽ മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ നിന്ന് മാത്രം 2000 ത്തോളം പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കടലിൽ തള്ളിയിട്ടുണ്ടെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ ആരോപിക്കുന്നു. കൊലച്ചിൽ ഉപയോഗിച്ച് മീൻപിടിക്കുന്നവരെ സഹായിക്കാൻ പ്രത്യേക ഏജന്റുമാരുമുണ്ട്.ഇവർക്ക് വേണ്ടുന്ന എല്ലാ സംവിധാനവും ഏജന്റമാരാണ് ചെയ്തു കൊടുക്കുന്നത്. എന്നാൽ ഫിഷറീസ് വകുപ്പോ, തീരദേശ പൊലീസോ ഇവരെ തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആരോപണം.ചെറുകിട ബോട്ടുകളുടെയും വള്ളങ്ങളുടെയും വലയും മത്സ്യബന്ധന ഉപകരണങ്ങളും നശിക്കാൻ കൂടി കാരണമായിത്തീരുന്ന ഈ നിയമവിരുദ്ധ മീൻപിടിത്തം ജില്ലയിൽ ഇപ്പോഴും കാര്യമായി തുടരുമ്പോഴും ഇവർക്കെതിരെ നടപടിയെടുക്കാൻ പരിമിതികളേറെയാണ്.
നേരത്തെ കന്യാകുമാരി ജില്ലയിലെ കുളച്ചലുകാരായ മത്സ്യത്തൊഴിലാളികളാണ് കൃത്രിമപ്പാര് വിതറിയുള്ള മീൻപിടിത്തം കേരളതീരത്ത് കൊണ്ടുവന്നത്. ഇതു കാരണം തീരമേഖലയിൽ വ്യാപക പ്രതിഷേധവും സംഘർഷങ്ങളുമുണ്ടായിട്ടുണ്ട്.

കടലിനോട് കൃത്രിമം

തെങ്ങിൻ കുലച്ചിൽ, പ്ളാസ്റ്റിക് കവറുകൾ തുടങ്ങിയവ ഒന്നിച്ച് ചേർത്ത് പ്ളാസ്റ്റിക് കയറിൽ ചേർത്ത് കെട്ടി, മണൽച്ചാക്കുകളിൽ ബന്ധിപ്പിച്ച് കടലിൽ കെട്ടിത്താഴ്ത്തുന്ന രീതിയാണ് കൃത്രിമപ്പാര് വിതയ്ക്കൽ. ഈ സ്ഥലം ഇലക്ട്രോണിക് യന്ത്രത്തിൽ അടയാളപ്പെടുത്തിയാണ് സംഘം മടങ്ങുന്നത്.
ഈ രീതിയിൽ കടലിൽ കൃത്രിമ ആവാസ വ്യവസ്ഥ രൂപപ്പെടുത്തി, കണവയുൾപ്പെടെ വിലപിടിപ്പുള്ളതും കയറ്റുമതി സാദ്ധ്യതയേറിയതുമായ മത്സ്യങ്ങളെ ആകർഷിപ്പിക്കുന്നു. ഇവ ഒന്നിച്ച് തമ്പടിക്കാൻ തുടങ്ങുമ്പോൾ ഇവിടെനിന്ന് കൂട്ടത്തോടെ പിടിച്ചെടുക്കലാണ് പതിവ്. ഇത്തരം വഴിവിട്ട മീൻപിടിത്ത രീതി അവലംബിക്കുന്നതോടെ മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയുമെല്ലാം വഴിമുട്ടും. ഇതോടൊപ്പം ഈ കൃത്രിമപ്പാരുകളിലുടക്കി മറ്റു ബോട്ടുകൾ, വള്ളങ്ങൾ എന്നിവയുടെ വല നശിക്കലും പതിവാണ്‌