കണ്ണൂർ: പ്ലസ് വൺ സീറ്റ് വിഷയത്തിൽ കാമ്പസ് ഫ്രണ്ട് കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പുതിയ ബാച്ചുകൾ മാത്രമാണ് പരിഹാരം, സർക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീർപ്പിന് നിന്ന് തരില്ലെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. ഡി.ഡി.ഇ ഓഫീസ് ഗേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് നിരത്തി മാർച്ച് തടഞ്ഞു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. ഷാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗം അവസാനിച്ചതോടെ പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് തകർത്ത് ഡി.ഡി.ഇ ഓഫീസ് വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമാരംഭിച്ചത്. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും ഏറ്റുമുട്ടലിലെത്തി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ. ഉനൈസ്, നിയാദ്, ഫാത്തിമ, ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.